അഹമ്മദാബാദ്: ഗുജറാത്തില്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരില്‍ നിന്ന് പിടിച്ചെടുത്തത് 2.9ലക്ഷം രൂപയുടെ പുതിയ 2000രൂപ നോട്ടുകള്‍. നോട്ടു നിരോധനത്തെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിട്ടും ഇത്രയും തുക എങ്ങനെ കൈക്കൂലിക്കാരുടെ കൈയില്‍ വന്നുവെന്നുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍. പിടിച്ചെടുത്ത നോട്ടുകെട്ടുകളില്‍ എല്ലാം പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.ഇവരിലൊരാളുടെ വീട്ടില്‍ നിന്നും 40000രൂപയുടെ പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വേരോടെ പിഴുതെറിയാനെന്ന പേരില്‍ നരേന്ദ്രമോദി നടപ്പിലാക്കിയ പദ്ധതി പ്രകാരം ഒരാഴ്ചയില്‍ ഒരാള്‍ക്ക് പിന്‍വലിക്കാനാകുന്ന തുകയുടെ പരിധി 24,000രൂപയാണെന്നിരിക്കെ ഇത്രയധികം പുതിയ 2000 രൂപ നോട്ടുകള്‍ കൈക്കൂലിയായി എങ്ങനെയെത്തിയെന്ന അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍. നവംബര്‍ 11 നാണ് 2000രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. രാജ്യത്ത് നോട്ടു നിരോധനത്തെ തുടര്‍ന്ന് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയിട്ട് ഒരാഴ്ച പിന്നിട്ടപ്പോഴാണ് സംഭവം.കണ്ഡ്‌ല പോര്‍ട്ട് ട്രസ്റ്റിന്റെ സൂപ്രണ്ട് എഞ്ചിനിയര്‍ പി. ശ്രീനിവാസന്‍, സബ് ഡിവിഷണല്‍ ഓഫീസര്‍ കെ. കോമതേകര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിന്റെ പെന്റിങ് ബില്ലുകള്‍ ക്ലിയര്‍ ചെയ്തുനല്‍കാനായി ഇവര്‍ 4.4ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് ഗുജറാത്ത് അഴിമതി വിരുദ്ധ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. നവംബര്‍ പതിനഞ്ചിന് ഇടനിലക്കാര്‍ വഴി ഇവര്‍ 2.9ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുകയായിരുന്നു. ഇതിനിടെയാണ് പിടിക്കപ്പെട്ടത്. കെ.പി.ടി ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ട് ഇലക്ട്രിക് സ്ഥാപനം പരാതി നല്‍കിയതിനെ തുടര്‍ന്ന് അഴിമതി വിരുദ്ധ ബ്യൂറോ കൈക്കൂലിക്കാര്‍ക്കായി കെണിയൊരുക്കുകയായിരുന്നു.