വിജയ് മല്യയുടെ കുടിശിക എഴുതി തള്ളിയിട്ടില്ല; നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്;വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കിന് അധികാരമുണ്ടെന്നും അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ്മല്യയുടെ അടക്കം കിട്ടാക്കടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. രേഖകള്‍ സൂക്ഷിക്കാനുള്ള എളുപ്പത്തിനു വേണ്ടിയാണിത്. വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കിന് അധികാരമുണ്ടെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. വിജയ് മല്യ ഉള്‍പ്പെടെ 63 പേരുടെ 7000 കോടിയുടെ ബാങ്ക് വായ്പ എസ്ബിഐ എഴുതിത്തള്ളിയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജെയ്റ്റ്‌ലി വിശദീകരണം നടത്തിയത്.ദേശീയ മാധ്യമമായ ഡിഎന്‍എ ആണ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റേതടക്കം (കെഎഫ്എ) നൂറു വ്യവസായികളുടെ 7,000 കോടി രൂപയുടെ കുടിശിക എസ്ബിഐ എഴുതിതള്ളിയതായി റിപ്പോര്‍ട്ട് ചെയ്തത്. കെഎഫ്എക്ക് 1201 കോടി രൂപയുടെ കുടിശികയാണുള്ളത്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. എന്നാല്‍ എന്നാണ് കുടിശ്ശിക എഴുതി തള്ളിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പട്ടികയില്‍ ഒന്നാമതുള്ള കിംങ്ഫിഷറിന്റെ കുടിശ്ശിക 1201 കോടി രൂപയാണ്. കെഎസ് ഓയില്‍(596), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍(526), ജിഇടി എഞ്ചിനീയറിങ് കണ്‍സ്ട്രക്ഷന്‍(526), സായി ഇന്‍ഫോം സിസ്റ്റം(376) തുടങ്ങിയവരാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഉള്ളത്.

© 2023 Live Kerala News. All Rights Reserved.