നടന്‍ ദിലീപിന്റെ തിയേറ്ററില്‍ നിന്നും മോഷണം നടത്തിയ യുവാവ് പിടിയില്‍;മോഷ്ടിച്ചത് ഏഴ് ലക്ഷം രൂപ;കാമുകിയെ സ്വന്തമാക്കാന്‍ പണം ഇല്ലാത്തതിന്റെ പേരിലാണ് മോഷണം നടത്തിയത്

ചാലക്കുടി: നടന്‍ ദിലീപിന്റെ ചാലക്കുടിയിലുള്ള ഡി-സിനിമാസ് മള്‍ട്ടിപര്‍പ്പസ്് തിയേറ്ററില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്ന യുവാവ് പിടിയില്‍. ത്രിപുര കോവൈ ജില്ലയിലെ മഹാറാണിപൂര്‍ ഗ്രാമവാസിയായ മിത്തന്‍ സഹാജി എന്ന യുവാവാണ് അറസ്റ്റിലായത്. ഏഴ് ലക്ഷം രൂപയായിരുന്നു ഇയാള്‍ മോഷ്ടിച്ചത്. കാമുകിയെ സ്വന്തമാക്കാന്‍ പണം ഇല്ലാത്തതിന്റെ പേരിലാണ് താന്‍ മോഷണം നടത്തിയതെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.ത്രിപുരയും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ലെമ്പുച്ചിറയില്‍ വെച്ചായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ പ്രതിയുടെ സ്വദേശമായ തേലിയാമുറയിലെ പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയിരുന്നു. പ്രതിയുടെ മുന്‍കാല ഫോണ്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. കേരള പൊലീസ് തന്നെ അന്വേഷിക്കുന്നതായി സുഹൃത്തുക്കളില്‍ നിന്നു വിവരം ലഭിച്ച പ്രതി ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ലെമ്പുച്ചിറയിലേക്ക് കടക്കുകയും അവിടെ വീട് വാടകയ്‌ക്കെടുത്ത് ഭാര്യയുമൊത്ത് താമസിച്ചുവരികയുമായിരുന്നു.
എറണാകുളത്തെ ഐശ്വര്യ ഹൈജീന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സിയാണ് പ്രതിയെ ഇവിടെ നിയമിച്ചത്. തീയറ്ററിലെ ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി ജോലികളുടെ മറവിലായിരുന്നു ഇയാള്‍ മോഷണം നടത്തിയത്. മോഷണം നടന്ന ദിവസം അവസാന ഷോ കഴിഞ്ഞ് ക്ലീനിംഗ് തൊഴിലാളിയായിരുന്ന പ്രതി പുലര്‍ച്ചെ രണ്ടോടെ പോകുന്ന വഴി പുറത്തേക്കുള്ള വാതിലിന്റെ കുറ്റി തുറന്നിട്ടു. തുടര്‍ന്ന് താമസസ്ഥലത്ത് പോയി കുറച്ചുകഴിഞ്ഞ് തിരികെയെത്തി തിയേറ്ററിന്റെ മതില്‍ചാടി കടന്ന് ഈ വാതിലിലൂടെ അകത്ത് പ്രവേശിച്ച് ഓഫീസിന്റെ പൂട്ടുകള്‍ തകര്‍ത്ത് പണം കവരുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ചെന്നൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു. മിത്തന്റെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മിത്തനെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചത്. എസ്.പി ആര്‍.നിശാന്തിനിയുടെ കീഴിലുള്ള പ്രത്യേകസംഘമാണ് ഇയാളെ പിടികൂടിയത്.

© 2024 Live Kerala News. All Rights Reserved.