വിഎസിന്റെ ഓഫീസ് ഐഎംജിയില്‍ തന്നെ മതിയെന്ന് മുഖ്യമന്ത്രി;ഓഫീസ് പരിഷ്‌കരണത്തിനായി 70 ലക്ഷം രൂപ അനുവദിച്ചു;പരാതിയുമായി വി.എസ്

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫീസ് ഐഎംജിയില്‍ തന്നെ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഭരണ പരിഷ്‌കാര കമ്മീഷന് എ.എം.ജിയില്‍ തന്നെ ഓഫീസ് അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കമ്മീഷന് ഓഫീസ് നല്‍കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അഭിപ്രായമാരാഞ്ഞ സാഹചര്യത്തിലാണ് മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചത്.ഓഫീസ് പരിഷ്‌കരണത്തിനായി 70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും അനുവദിച്ച് നല്‍കിയിട്ടുണ്ട്.ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് സെക്രട്ടേറിയറ്റില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഐ.എം.ജിയില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്നായിരുന്നു വി.എസ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഐ.എം.ജിയില്‍ ഓഫീസ് അനുവദിച്ചതിനു പിന്നാലെ എം.എല്‍.എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസും വി.എസിനോട് ആവശ്യപ്പെട്ടിരുന്നു.
അതോടൊപ്പം തന്നെ, വി.കെ ശശിധരനെ പ്രൈവറ്റ് സെക്രട്ടറിയാക്കണമെന്ന വി.എസിന്റെ ആവശ്യവും പാര്‍ട്ടി നിഷേധിച്ചിരുന്നു. അറുപത് വയസ്സ് പ്രായപരിധി കഴിഞ്ഞയാളെ പ്രൈവറ്റ് സെക്രട്ടറി പദവിയില്‍ നിയമിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഇതിനെതിരെ വി.എസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി.

© 2024 Live Kerala News. All Rights Reserved.