ജോലിതേടി സൗദിയില്‍ എത്തിയ കൊല്‍ക്കത്തക്കാരനെ സൗദി സ്വദേശിക്ക് അടിമയായി വിറ്റതായി പരാതി. വീസ ഏജന്‍സിക്കാരാണ് ചതിച്ചത്.കൊല്‍ക്കത്ത സ്വദേശി ജയന്ത ബിശ്വാസ് ആണ് ഏജന്‍സിയുടെ ചതിക്ക് ഇരയായത്. എന്‍ജിനീയറിംഗ് മേഖലയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാളെ സൗദിയില്‍ എത്തിച്ച് ഒട്ടകഫാമില്‍ അടിമയായി വിറ്റത്.ഏജന്റുമാരാല്‍ പറ്റിക്കപ്പെട്ട ജയന്ത ഇപ്പോളത്തെ പണി മരുഭൂമിയില്‍ ഒട്ടകങ്ങളെ നോക്കുക എന്നതാണെന്നും വീട്ടുകാര്‍ പറയുന്നു. പരാതിയുമായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും അവരില്‍ നിന്ന് ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ല. ജയന്തയുടെ മൂത്ത സഹോദരിയായ ഗൗരി പറയുന്നതനുസരിച്ച് ഈ വര്‍ഷം ആദ്യമാണ് ജയന്ത വിദേശ ജോലിക്കായി ദില്ലിയിലെയും, മുംബൈയിലെയും ഏജന്‍സികളെ സമീപിച്ചത്.സൗദിയിലെ ഓട്ടോമൊബൈല്‍ എന്‍ജിനീയറായി തന്നെ ജോലി കിട്ടും എന്നു വാഗ്ദാനം ചെയ്തു. ജോലി നല്‍കാമെന്ന ഉറപ്പില്‍ ഒരു ലക്ഷം രൂപയും ഏജന്റുമാര്‍ മേടിച്ചതായി ഗൗരി പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ ജയന്തയെ ഏജന്റുമാര്‍ ആദ്യം റിയാദിലേക്കയച്ചു. മൂന്നു മാസത്തെ താമസത്തിനു ശേഷം വര്‍ക്കിംങ്ങ് വിസ ലഭിക്കുമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ ഏജന്റുമാര്‍ തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് ജയന്തന്റെ സഹോദരി പറഞ്ഞു.