വീണ്ടും അധികാരത്തിലെത്തിയാല്‍ ബിഹാറില്‍ മദ്യം നിരോധിക്കും: നിതീഷ് കുമാര്‍

 
പട്‌നന്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും താന്‍ അധികാരത്തിലേറിയാല്‍ സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യം നിരോധിക്കണമെന്ന് ഒരു കൂട്ടം സ്ത്രീകള്‍ എന്നോടാവശ്യപ്പെട്ടിരുന്നു. അവര്‍ പറഞ്ഞത് ശരിയാണ്. വീണ്ടും അധികാരത്തില്‍ ഞാനെത്തിയാല്‍ ഉറപ്പായും മദ്യം നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യക്ഷേ വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി ബിഹാര്‍ സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സ്ത്രീകള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മദ്യം നിരോധിക്കുന്നതിനെ നിതീഷ് കുമാര്‍ നേരത്തെ പിന്തുണച്ചിരുന്നില്ല. നിരോധനമേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മദ്യവില്‍പന ഇനത്തിലെ നികുതിയിലൂടെ ഏകദേശം 2,500 കോടി രൂപയുടെ വരുമാനം പ്രതിവര്‍ഷം സര്‍ക്കാരിനു ലഭിക്കുന്നതായിരുന്നു കാരണം. അതേസമയം, നിതീഷ് കുമാറിന്റെ ഈ വാഗ്ദാനത്തെ ബിജെപി വിമര്‍ശിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാരിന് ഗൗരവമുണ്ടെങ്കില്‍ മദ്യനിരോധനം എത്രയും വേഗം നടപ്പാക്കുകയാണ് വേണ്ടതെന്ന് ബിജെപി അഭിപ്രായപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.