ചരിത്രമായി ‘പുലിമുരുകന്‍’; 100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം; നന്ദി അറിയിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ വൈശാഖ് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകന്‍’ ചരിത്രത്തിലേയ്ക്ക്.100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് പുലിമുരുകന്‍.റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് പുലിമുരുകന്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നുത്. പുലിമുരുകന്‍ 100 ക്ലബിലെത്തിയെന്ന വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ മോഹന്‍ലാല്‍ പങ്കുവെച്ചു. സംവിധായകന്‍ വൈശാഖ്, നിര്‍മാതാവ് മിച്ചന്‍ മുളകുപാടം, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍, തിരക്കഥാകൃത്ത് ഉദയ കൃഷ്ണ, ഛായാഗ്രഹന്‍ ഷാജി തുടങ്ങിയ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മോഹന്‍ലാല്‍ നന്ദി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രമായി 65 കോടിയോളം രൂപ സിനിമ നേടിക്കഴിഞ്ഞു. യുഎഇയില്‍ നിന്ന് 3 ദിവസം കൊണ്ട് 13 കോടിക്കു മുകളില്‍ നേടി സിനിമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു .അമേരിക്ക, യൂറോപ്പ്, എന്നിവടങ്ങളിലും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുണ്ട്. ആദ്യദിന കളക്ഷന്‍, ആദ്യ വാര കളക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടിയ ചിത്രം എന്നിങ്ങനെ റെക്കോര്‍ഡുകള്‍ പലതും പുലിമുരുകന്‍ തിരുത്തിക്കുറിച്ചു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്‌ക്രീനില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനം മാത്രം കൊയ്തത് 4.05 കോടി രൂപ. രണ്ടാം ദിനം 4.02 കോടി, മൂന്നാം ദിനം 4.83 കോടി. മൂന്ന് ദിവസം കൊണ്ട് 12.91 കോടി രൂപ. മലയാളത്തിലെ ആദ്യവാര കളക്ഷന്‍ റെക്കോര്‍ഡ് മൂന്നാം നാള്‍ പിന്നിട്ടിരുന്നു മുരുകന്‍. ഈ നില തുടര്‍ന്നാല്‍ വൈകാതെ ചിത്രം 150 കോടി കടക്കുമെന്നാണ് ചലച്ചിത്രമേഖലയില്‍ നിന്നുള്ളവര്‍ നല്‍കുന്ന സൂചന.

© 2024 Live Kerala News. All Rights Reserved.