ഒമാനില്‍ തൊഴില്‍ വീസാ നിരക്കില്‍ 50% കൂട്ടി; ഇനിമുതല്‍ 100 റിയാല്‍ അധികം നല്‍കണം

മസ്‌കറ്റ്: ഒമാനില്‍ തൊഴില്‍ വീസാ നിരക്കില്‍ 50 ശതമാനം വര്‍ധന. 201 റിയാലില്‍ നിന്ന് 301 റിയാലായി 50 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇനി മുതല്‍ നൂറ് റിയാല്‍ അധികം നല്‍കണം. ഔദ്യോഗിക കണക്കു പ്രകാരം 1,824,282 വിദേശികളാണ് ഒമാനില്‍ തൊഴിലെടുക്കുന്നത്. മാനവവിഭവശേഷി മന്ത്രാലയം ട്വിറ്ററിലാണ് ഫീസ് കൂട്ടിയ വിവരം അറിയിച്ചത്. പുതുക്കിയ നിരക്കുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ വര്‍ധിപ്പിച്ച നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരും.ഒട്ടക പരിപാലനം, കൃഷി, വീട്ടു ജോലി എന്നീ മേഖലകളിലുള്ളവര്‍ക്കും വീസാ നിരക്ക് വര്‍ധന ബാധകമാകും. വീട്ടു ജോലിക്കാര്‍ക്ക് വീസ എടുക്കുമ്പോഴും വീസ പുതുക്കുമ്പോഴും 141 റിയലാണ് തൊഴിലുടമ നല്‍കേണ്ടത്. എന്നാല്‍ മൂന്നില്‍ കൂടുതല്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്‌പോണ്‍സര്‍മാര്‍ നാലാമത്തെയാള്‍ക്ക് മുതല്‍ 241 റിയാല്‍ നല്‍കണം. രണ്ടു വര്‍ഷത്തെ വീസാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും നാലു പേരെയും നിലനിര്‍ത്തുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും 241 റിയാല്‍ വീതം വീസ പുതുക്കുമ്പോള്‍ തൊഴിലുടമയില്‍ നിന്ന് ഈടാക്കും.വരുമാന നികുതി വര്‍ധിപ്പിക്കുക, സര്‍ക്കാറിന്റെ ചെലവുകള്‍ ചുരുക്കുക, സര്‍ക്കാര്‍ സര്‍വീസുകള്‍ക്ക് ചെലവു വര്‍ധിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ നടപടികള്‍ അടങ്ങിയ ബജറ്റാണ് ഈ വര്‍ഷം സര്‍ക്കാര്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് വീസാ നിരക്ക് വര്‍ധനയും ചെലവ് ചുരുക്കലും ആരംഭിക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.