വടക്കാഞ്ചേരി ബലാത്സംഗക്കേസില്‍ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ജി.പൂങ്കുഴലിക്ക് അന്വേഷണ ചുമതല

തൃശ്ശൂര്‍: വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസില്‍ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പാലക്കാട് അസി.പൊലീസ് കമ്മീഷണര്‍ ജി.പൂങ്കുഴലിയാണ് അന്വേഷണത്തിന്റെ ചുമതല വഹിക്കുക. ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ദൈനംദിന നടപടികള്‍ പരിശോധിക്കും. കേസില്‍ ആരോപണ വിധേയനായ കൗണ്‍സിലര്‍ ജയന്തനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി നഗരസഭാ പരിധിയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.നേരത്തെ ആരോപണ വിധേയനായ പേരാമംഗലം സിഐ മണികണ്ഠനെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. തുടര്‍ന്നാണ് ഗുരൂവായൂര്‍ എ.സി.പിക്ക് കേസ് നല്‍കുന്നതും. അവിടെ നിന്നും മാറ്റം ഉണ്ടാവുകയായിരുന്നു. തൃശ്ശൂര്‍ റേഞ്ച് ഐ.ജി എംആര്‍ അജിത് കുമാറാണ് പൂങ്കുഴലിയെ നിയമിച്ച് ഉത്തരവിറക്കിയത്.തൃശൂര്‍ വടക്കാഞ്ചേരിയിലെ സിപിഐഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ പി.എന്‍. ജയന്തനടക്കം നാലുപേരാണ് കുറ്റാരോപിതര്‍. വിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റ് പ്രതികള്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്. ഭാഗ്യലക്ഷ്മിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ചും പൊലീസ് ഇതില്‍ നടപടി എടുക്കാത്തതിനെക്കുറിച്ചുമുളള വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത്.യുവതി കഴിഞ്ഞ ആഗസ്റ്റില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചു. പൊലീസ് നടപടിയെടുക്കാതെ വന്നപ്പോള്‍ യുവതി ക്രൈം ഡിറ്റാച്ച്‌മെന്റ് റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ഇതേതുടര്‍ന്ന് പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായി. പേരാമംഗലം സിഐ മണികണ്ഠന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പൊലീസ് ആണ് കേസെടുത്തിരുന്നത്. തുടര്‍ന്നാണ് പ്രതികളും സിഐ മണികണ്ഠന്‍ അടക്കമുളളവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് എഴുതിവാങ്ങുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി തിരുത്താന്‍ നിര്‍ബന്ധിപ്പിക്കുന്നതും.

© 2024 Live Kerala News. All Rights Reserved.