‘സ്ത്രീകളല്ലേ, കേസുമായി പോയാല്‍ നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടാകും’; പരാതിയുമായി പൊലീസിന്റെ മുന്നിലെത്തിയപ്പോള്‍ സ്ത്രീകളോടുള്ള പൊലീസിന്റെ മനോഭാവം വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തക

തിരുവനന്തപുരം:തൃശൂരിലെ കൂട്ട ബലാല്‍സംഗത്തിന് ഇരയായ യുവതിയുടെ പരാതി പൊലീസ് തമസ്‌കരിച്ചതിന്റേയും പൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനത്തിന്റേയും വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരുടെ ആക്രമണത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തക ജസ്റ്റീന തോമസാണ് പൊലീസില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. പരാതിയുമായി എത്തുന്ന സ്ത്രീകളോടുള്ള പോലീസിന്റെ മനോഭാവം വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തകയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.പരാതി നല്‍കാന്‍ എത്തിയ ജസ്റ്റീനയോടും, സിപി അജിതയോടും സ്ത്രീകളല്ലേ, കേസുമായി പോയാല്‍ നിങ്ങള്‍ക്ക് തന്നെയാണ് ബുദ്ധിമുട്ട് എന്നായിരുന്നു പോലീസിന്റെ പ്രതികരണം.കേസ് നല്‍കി 20 ദവസം കഴിഞ്ഞിട്ടും ഇതുവരെ നടപടികളൊന്നും എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി അഭിഭാഷകരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. കേരളത്തിലെ രണ്ട് മുന്‍ നിര മാധ്യമങ്ങളുടെ പിന്തുണയുമായി എത്തിയ ഞങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ കേരളത്തിലെ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താകും എന്ന് ജസ്റ്റീന ചോദിക്കുന്നു.

ജസ്റ്റിന തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഒരു സ്ത്രീ നീതി തേടുമ്പോൾ സംഭവിക്കുന്നത്, ഒക്ടോബർ 14നാണ് ഞാനും അജിതേച്ചിയും വഞ്ചിയൂർ കോടതിയിൽ വക്കീലന്മാരുടെ പേക്കൂത്തിന് ഇരകളായത്. അന്നു തന്നെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്കി. രണ്ടാം ദിവസം ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന വക്കീലന്മാരുടെ മർദ്ദനമേറ്റ പ്രഭാതേട്ടന്റെ പരാതിയിൽ സാക്ഷിമൊഴി യെടുക്കാൻ വഞ്ചിയൂർ പൊലീസ് മനോരമ ഓഫീസിലെത്തി. വെറും സാക്ഷികളല്ല ഞങ്ങൾക്ക് പരാതിയുണ്ട്. അതിൽ കേസെടുക്കണമെന്ന് ഞാനും എനിക്കൊപ്പമുണ്ടായിരുന്ന ശ്രീദേവി ചേച്ചിയും ആവശ്യമുന്നയിച്ചു. ‘പെൺകുട്ടിയല്ലേ കേസുമായി മുന്നോട്ടു പോയാൽ ഭാവിയിൽ ബുദ്ധിമുട്ടാകും അതുകൊണ്ട് സാക്ഷിയായാൽ മതി’ യെന്നായിരുന്നു SI യുടെ ഉപദേശം.ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കേസ് എടുക്കാൻ തയാറായില്ല. പകരം പരാതി നല്കിയാലുള്ള ‘ദുരന്തങ്ങൾ ‘ വിവരിച്ചുകൊണ്ടേയിരുന്നു. സമ്മർദ്ദങ്ങൾക്കൊടുവിൽ അഞ്ചാം ദിവസം ദുർബ്ബലമായ വകുപ്പുകളിൽ കേസെടുത്തു. പ്രതികൾ പൊലീസ് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം നേടി. പിന്നെയാണ് രസം അഞ്ചാം ദിവസം വക്കീലന്മാർ ഞങ്ങൾക്കെതിരെ നല്കിയ പരാതിയിൽ പൊലീസ് കേസെടുത്തു. തണ്ടും തടിയുമുള്ള വക്കീലന്മാരെ നൂറു കണക്കിന് വക്കീലന്മാർ നോക്കി നില്ക്കെ ഞങ്ങൾ വെറും നാലു മാധ്യമ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചു ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. പെണ്ണാണ് പണിയാകുമേ എന്ന ഓർമ്മപ്പെടുത്തലുകൾക്കിടെയിലും നീതി തേടി ഞങ്ങൾ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,പൊലീസ്, മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ കാണാവുന്നവരെയെല്ലാം കണ്ടു. 21 ന് പരാതിയുമായെത്തിയ ഞങ്ങളോട് മൂന്നാം തീയതി നോക്കാമെന്ന വനിതാ കമ്മിഷൻ അംഗത്തിന്റെ മറുപടിയിൽ ഞങ്ങൾ കോരിത്തരിച്ചു.വനിതാ കമ്മിഷനിൽ വിവിധ പരാതികളുമായി കാത്തു നിന്നിരുന്ന പാവപ്പെട്ട സ്ത്രീകളെ സഹതാപത്തോടെ നോക്കി കമ്മിഷന്റെ പടിയിറങ്ങി.പോകുന്ന വഴിക്ക് നാടുനീളെ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകളിൽ മാധ്യമ ഗുണ്ടകൾ എന്ന തലക്കെട്ടിനൊപ്പം ഞങ്ങളുടെ കളർ പടങ്ങൾ കണ്ട് പുളകിതരായി.കേട്ടാലറയ്ക്കുന്ന തെറിക്കത്തുകളുടെ പ്രവാഹമായിരുന്നു പിന്നെ ഞങ്ങളിരുവരുടേയും ഓഫീസിലേയ്ക്ക്. മനോഹരമായ ആ കത്തുകൾ ഞങ്ങളുടെ കണ്ണിൽപ്പെടാതെ ഒളിപ്പിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് സഹപ്രവർത്തകരിന്ന്. സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് സസന്തോഷം അറിയിക്കുന്നു. കേസു കൊടുത്തിട്ട് എന്തായി എന്ന പരിഹാസ ചോദ്യങ്ങളും പെണ്ണാണെന്ന വേണ്ടപ്പെട്ടവരുടെ പോലും ഓർമ്മപ്പെടുത്തലുകളുമാണ് ബാക്കി …. കേരളത്തിലെ ഏറ്റവും വലിയ രണ്ടു മാധ്യമ സ്ഥാപനങ്ങളുടെ പൂർണ്ണ പിന്തുണയുമായി നീതി തേടിയ ഞങ്ങളുടെ കാര്യം ഇങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിലെ ഒരു സാധാരണ സ്ത്രീക്ക് . എവിടെ നീതി കിട്ടുo? എത്ര അപമാനിതരായാലും സ്ത്രീകൾ പരാതി നല്കാത്തത് കൊടുത്ത പരാതി പിൻവലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുത്തരം ഇന്നെനിക്കറിയാം ….