കൊല്ലത്ത് 18 കാരിയെ കാമുകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു;പീഡനം പണം മടക്കി ചോദിച്ചതിനുള്ള പ്രതികാരം

കൊല്ലം: വായ്പ നല്‍കിയ പണം മടക്കിചോദിച്ചതിന് 18 കാരിയായ കാമുകിയെ കാമുകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന്് കൂട്ടബലാത്സംഗം ചെയ്തു. പാലക്കാട് സ്വദേശിനിയായ 18 കാരിയാണ് കൂട്ട മാനഭംഗത്തിന് ഇരയായത്. കാമുകന്‍ കസ്റ്റഡിയിലായതായാണ് സൂചന. ഇയാളുടെ കൂട്ടാളികള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി വരികയാണ്. കാമുകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. കഴിഞ്ഞ ബുധനാഴ്ച കൊല്ലത്തു വെച്ചായിരുന്നു പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായത്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടി വീടിനടുത്തുള്ള ഒരു യുവാവുമായി പ്രണയത്തില്‍ ആയിരുന്നു. ഇയാള്‍ ചോദിച്ചതിനെ തുടര്‍ന്ന് സ്വര്‍ണ്ണം പണയം വെച്ചു പണം നല്‍കുകയും പിന്നീട് തിരിച്ചു ചോദിക്കുകയും ചെയ്തു. ഇതില്‍ കുപിതനായി കാമുകന്‍ പെണ്‍കുട്ടിയോട് പിണങ്ങുകയും എന്നാല്‍ ഏതാനും ദിവസത്തിന് ശേഷം പ്രതികാര ബുദ്ധിയോടെ വീണ്ടും സമീപിച്ച കാമുകന്‍ പെണ്‍കുട്ടിയെ കൊല്ലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടി കൊല്ലത്ത് എത്തിയെങ്കിലും കാമുകന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയില്ല. എന്നാല്‍ കാമുകന്റെ ഒരു പെണ്‍സുഹൃത്ത് പെണ്‍കുട്ടിയെ ഒരു ഓട്ടോയില്‍ കയറ്റി കായലോരത്തെ ഒരു ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടു പോകുകയും അവിടെ വെച്ച് ്അഞ്ചു പേര്‍ ബലാത്സംഗം ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കാമുകന്‍ സ്ഥലത്തെത്തി ഇയാളും പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി. മറ്റുള്ളവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.