മുംബൈയില്‍ വാടക വീട് അന്വേഷിച്ചെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി;ഏഴ് പേര്‍ പിടിയില്‍

മുംബൈ: വാടകയ്ക്ക് താമസിക്കാന്‍ വീട് അന്വേഷിച്ചെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. മുംബൈയിലെ അംബോളിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഭര്‍ത്താവിനൊപ്പമാണ് 28കാരി വീട് അന്വേഷിച്ചെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.പ്രാഥമിക വിവരങ്ങളനുസരിച്ച് യുവതി തിങ്കളാഴ്ച ഭര്‍ത്താവിനൊപ്പം ഷാംനഗറിലെ ചേരി പ്രദേശത്ത് വീട് നോക്കുന്നതിനായി പോയതാണ്. അവിടെയുള്ള ഒരു സ്ത്രീയാണ് ഇവരെ വീടുകണ്ടുപിടിക്കാന്‍ സഹായിച്ചിരുന്നത്. യുവതിയും ഭര്‍ത്താവും തിങ്കളാഴ്ച രാത്രി ആ സ്ത്രീയുടെ വീട്ടില്‍ തങ്ങുകയും ഈ സമയത്ത് പ്രദേശവാസികളായ എട്ടുപേര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങൂമെന്ന് പൊലീസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.