എംഎല്‍എ ഹോസ്റ്റലിലെ മുറി വിഎസ് ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ്; ഓഫീസിന്റെ കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടു. ഈ മുറിയിലാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍, താമസത്തിനുവേണ്ടിയുള്ള മുറി ഓഫീസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. വിഎസിന് ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്നും വിഎസിനോട് ഒഴിയാന്‍ സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടത്.എംഎല്‍എ ഹോസ്റ്റലിലെ മുറിയാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫിസായി വിഎസ് ഉപയോഗിക്കുന്നത്. ഇതൊഴിയാന്‍ വ്യക്തമാക്കിയതോടെ ഭരണ പരിഷ്‌കാര കമ്മീഷന്റെ ഓഫീസിന്റെ കാര്യത്തിലെ വിണ്ടും അനിശ്ചിതത്വം. നേരത്തെ വികാസ് ഭവന് സമീപത്ത് ഐഎംജി കെട്ടിടത്തിലായിരുന്നു വിഎസിന് ഓഫിസ് അനുവദിച്ചിരുന്നത്. എന്നാല്‍ സെക്രട്ടറിയേറ്റില്‍ തന്നെ ഓഫിസ് വേണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. എങ്കിലെ ഓഫിസിന്റെ പ്രവര്‍ത്തനം ഭംഗിയാക്കാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഭരണപരിഷ്‌കാര കമ്മിഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.