യെമനിലെ ജയിലില്‍ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു;വിമതരും വിമതര്‍ തടവിലാക്കിയവരും കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്‌

ഏദന്‍: പടിഞ്ഞാറന്‍ യെമനിലെ ഹൂതി വിമതരുടെ കീഴിലുള്ള ജയിലിനു നേരെ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. വിമതരും വിമതര്‍ തടവിലാക്കിയവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഹോദൈദയിലുള്ള വിമതകേന്ദ്രത്തിനുനേരേ ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ജയിലില്‍ 84 പേര്‍ തടവുകാരായുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചു. മൃതദേഹങ്ങള്‍ നഗരത്തിലെ ആസ്പത്രിയിലേക്കുമാറ്റി.യെമന്‍ പ്രസിഡന്റ് അബ്ദ്‌റബ് മന്‍സൂര്‍ ഹാദിയെ പിന്തുണയ്ക്കുന്നവരും ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം 2014ലാണ് തുടങ്ങിയത്. 7000ത്തിലേറെപ്പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന സമാധാനക്കരാര്‍ ഹാദി കഴിഞ്ഞദിവസം തള്ളിയിരുന്നു. വിമതരെ സഹായിക്കുകയും യെമനിലെ ജനങ്ങളെ ശിക്ഷിക്കുകയും ചെയ്യുന്ന കരാറാണെന്ന് ഹാദി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.