ചരിത്രമെഴുതി മന്ത്രി കെടി ജലീല്‍; ശബരിമല സന്ദര്‍ശിക്കുന്ന ആദ്യ മുസ്ലിം മന്ത്രി;എല്ലാം മതത്തിലെയും വര്‍ഗീയവാദികള്‍ ശബരിമല സന്ദര്‍ശിക്കണമെന്ന് ജലീല്‍

ഇടുക്കി:കേരള മന്ത്രി സഭയിലെ ഒരു മുസ്ലിം അംഗം ചരിത്രത്തിലാദ്യമായി ശബരിമല സന്ദര്‍ശിച്ചു. തദ്ദേശസ്വയംഭരണ ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി കെടി ജലീലാണ് ശബരിമല സന്ദര്‍ശിച്ചത്.മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദര്‍ശനത്തെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയത്. ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനാണ് കെടി ജലീല്‍ ശബരിമലയിലെത്തിയത്. മതജാതി വ്യത്യാസമില്ലാതെ ആര്‍ക്കും സന്ദര്‍ശിക്കുന്ന ഒരിടമാണ് ശബരിമലയെന്നും മതമൈത്രിയുടെയും മതസൗഹാര്‍ദത്തിന്റെയും ശ്രീകോവിലാണ് അയ്യപ്പ സന്നിധാനമെന്നും ജലില്‍ പറഞ്ഞു. എല്ലാ മതത്തിലുള്ള വര്‍ഗീയവാദികളും ശബരിമലയില്‍ സന്ദര്‍ശിക്കണമെന്ന് ജലീല്‍ പ്രതികരിച്ചു.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മലകയറി ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ സമയം പുലര്‍ച്ചെ 1.15 ആയിരുന്നു. രാത്രി അവിടെ തങ്ങി. രാവിലെ ശ്രീകോവില്‍ ചുറ്റി കണ്ടു. അയ്യപ്പസന്നിധാനത്തിന്റെ മുന്നിലുമെത്തി, അവിടെ ആര്‍ക്കും ഒരു വിലക്കുമില്ല..! അതുകഴിഞ്ഞ് ശ്രീകോവിലിന് പടിഞ്ഞാറോട്ട് തുറന്ന് വെച്ച് നില്‍ക്കുന്ന വാവരുടെ നടയിലുമെത്തി. അയ്യപ്പന്റെ പോരാളിയായിരുന്നല്ലോ മുസല്‍മാനായിരുന്ന വാവര്‍… അവരുടെ സൗഹൃദം മരണത്തിനു ശേഷവും നൂറ്റാണ്ടുകളായി സുദൃഡമായി നിലനില്‍ക്കുന്നു… ആ നല്ല കാലത്തെ നമുക്ക് വീണ്ടും പുനര്‍ജനിപ്പിക്കാം.

© 2024 Live Kerala News. All Rights Reserved.