സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ ജയലളിതയുടെ ഒപ്പില്ല; പകരം വിരലടയാളം

ചെന്നൈ: നവംബര്‍ 19ന് നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ എഐഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ ഒപ്പിന് പകരം ഇടതുവിരലടയാളം പതിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത.സെപ്റ്റംബര്‍ 22 മുതല്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ ആദ്യഭരണ ഇടപെടലാണ് ഇത്.പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജയലളിതയുടെ ഒപ്പിനുപകരം ഇടതു വിരലിന്റെ മുദ്രയാണ് പതിപ്പിച്ചത്. അരവാകുറിച്ചി, തഞ്ചാവൂര്‍, തിരുപ്പരകുണ്ട്രം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെുപ്പ് ചട്ടപ്രകാരം സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച പത്രികയില്‍ പാര്‍ട്ടി നേതാവിന്റെ വിരലടയാളമോ ഒപ്പോ വേണം. ഈ സാഹചര്യത്തിലാണ് പത്രികയില്‍ ജയലളിത വിരലടയാളം പതിപ്പിച്ചത്. നാലിടത്താണ് ജയലളിത തന്റെ വിരലടയാളം പതിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ത്ഥികള്‍ നല്‍കുന്ന ഫോറത്തിന്റെ രണ്ടാം ഭാഗത്താണ് ജയലളിതയുടെ വിരലടയാളമുള്ളത്.ജയലളിത ട്രക്കിയോട്ടമിക്ക് വിധേയയായിരിക്കുകയാണെന്ന ഡോക്ടറുടെ സാക്ഷ്യപത്രവും ഇതിനൊപ്പമുണ്ട്.വലതുകൈ ഉപയോഗിച്ച് ഒപ്പിടാനാവില്ലെന്നും അതുകൊണ്ട് തന്റെ സാന്നിധ്യത്തില്‍ ഇടതു വിരലടയാളം പതിപ്പിച്ചിരിക്കുകയാണെന്നും സാക്ഷ്യപത്രത്തില്‍ പറയുന്നു.മദ്രാസ് മെഡിക്കല്‍ കോളേജിലെ മിനിമല്‍ ആക്‌സസ് സര്‍ജറി വിഭാഗം മേധാവി പ്രൊഫ. പി.ബാലാജിയാണ് ഒക്ടോബര്‍ 27ന് വ്യാഴാഴ്ച ഈ സാക്ഷ്യപത്രത്തില്‍ ഒപ്പിട്ടിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.