അനധികൃത സ്വത്ത് സമ്പാദനക്കേസ്; അന്വേഷണം ടോം ജോസിന്റെ പ്രവാസി സുഹൃത്ത് അനിത ജോസിലേക്കും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിന്റെ സാമ്പത്തിക സ്രോതസായ പ്രവാസി മലയാളിയുടെ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്. ഡോ.അനിത ജോസ് എന്ന വനിതയാണ് പലപ്പോഴായി വന്‍തുകകള്‍ തനിക്ക് നല്‍കിയതായി ടോം ജോസ് അറിയിച്ചിട്ടുള്ളത്. കോട്ടയം പാലായിലെ ഇവരുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ വര്‍ഷങ്ങളായി ഇവിടെയാരും താമസമില്ല എന്ന് വ്യക്തമായത്. അതേസമയം, ടോം ജോസിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് തനിക്കു ലഭിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വിജയാനന്ദ് പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാല്‍ പരിശോധിച്ചു നടപടിയെടുക്കും. ഐഎഎസ്-ഐപിഎസ് തലപ്പത്ത് ഭിന്നിപ്പുണ്ടെന്ന വാര്‍ത്ത ശരിയല്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ തനിക്ക് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇന്നലെ ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫഌറ്റുകളിലും ഇരിങ്ങാലക്കുടയിലെ ഭാര്യവീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. 2010 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 1,19,68,549 രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് ടോം ജോസ് സമ്പാദിച്ചതായി ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചശേഷം കോടതിയുടെ അനുമതിയോടെയായിരുന്നു റെയ്ഡ്. അഞ്ചു വര്‍ഷത്തിനിടെ ടോം ജോസിന്റെ സ്വത്തില്‍ 62.35 ശതമാനം വര്‍ധനയുണ്ടെന്നു വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പി വി.എന്‍. ശശിധരന്‍ നല്‍കിയിരിക്കുന്ന എഫ്‌ഐആറില്‍ പറയുന്നു. 1998ലെ അഴിമതിനിരോധന നിയമത്തിലെ 13 (ഒന്ന്ഇ) 13 (രണ്ട്) എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണു ചെയ്തിരിക്കുന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗയില്‍ വസ്തു വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന കേസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തല്‍. ടോം ജോസഫിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിജിലന്‍സ് നടപടി തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാങ്കുകള്‍ക്കു വിജിലന്‍സ് കത്തയച്ചു.

© 2024 Live Kerala News. All Rights Reserved.