മക്ക തകര്‍ക്കാന്‍ ഹൂത്തി വിമതര്‍ പ്രയോഗിച്ച മിസൈല്‍ തകര്‍ത്തെന്ന് സൗദി അറേബ്യ;വന്‍ ദുരന്തം ഒഴിവായി; ലക്ഷ്യമിട്ടത് ജിദ്ദ വിമാനത്താവളത്തെയെന്ന് വിമതര്‍

റിയാദ്: മുസ്ലീങ്ങളുടെ പുണ്യഭൂമിയായ മക്ക തകര്‍ക്കാന്‍ യെമനിലെ ഹൂത്തി വിമതര്‍ പ്രയോഗിച്ച മിസൈല്‍ തകര്‍ത്തെന്ന് സൗദി അറേബ്യ. അറബ് സഖ്യസേനയുടെ ജാഗ്രതയാണു വന്‍ദുരന്തം ഇല്ലാതാക്കിയത്. യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് അറബ് സേന തകര്‍ത്തത്. മക്കയില്‍നിന്നും 65 കിലോമീറ്റര്‍ മാത്രം അകലെ വച്ച് മിസൈല്‍ തകര്‍ക്കുകയായിരുന്നുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ വിഭാഗം അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് ആക്രമണം ഉണ്ടായത്. യെമനിലെ സാദ പ്രവിശ്യയില്‍ നിന്നാണു മിസൈല്‍ പ്രയോഗിച്ചതെന്നാണ് സൗദി നേതൃത്വത്തിലുള്ള സഖ്യം പറയുന്നത്.മിസൈല്‍ വരുന്നുണ്ടെന്ന് മനസിലാക്കിയ അറബ് സേന ഇതു തകര്‍ക്കുകയായിരുന്നു. മക്കയില്‍നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണു സാദ സ്ഥിതി ചെയ്യുന്നത്.അതേസമയം, ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള സാങ്കേതികവിദ്യയില്‍ ഹൂത്തികള്‍ക്കു പരിശീലനം നല്‍കുന്നത് ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് സൗദി സേനയുടെ വക്താവ് മേജര്‍ ജനറല്‍ അഹ്മദാ അസീരി അറിയിച്ചു.ഹൂത്തികള്‍ക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അസീരി അറിയിച്ചു.ബാലിസ്റ്റിക് മിസൈലായ ബുര്‍കാന്‍ 1 ആണ് സൗദി അറേബ്യയിലേക്കു വിട്ടതെന്ന് ഹൂതി വിമതര്‍ സ്ഥിരീകരിച്ചു. അതേസമയം, മക്ക ആയിരുന്നില്ല ലക്ഷ്യ സ്ഥാനമെന്നും വിമാനത്താവളമായ ജിദ്ദയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നുമാണ് വിമതര്‍ പറയുന്നു.

© 2022 Live Kerala News. All Rights Reserved.