കുട്ടിയുടെ മരണം: ഹേമമാലിനിയുടെ പ്രസ്താവന ക്രൂരമായ അബദ്ധമെന്ന് കേന്ദ്രമന്ത്രി

 

ന്യൂ!ഡല്‍ഹി: രാജസ്ഥാനിലെ ദൗസയിലുണ്ടായ അപകടത്തില്‍ നാലുവയസുകാരി മരിച്ചത് പിതാവിന്റെ അശ്രദ്ധ മൂലമാണെന്ന ഹേമമാലിനിയുടെ പ്രസ്താവന ക്രൂരമായ അബദ്ധമായിപ്പോയെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. അപകടത്തിനു ശേഷം ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് പാര്‍ട്ടി എംപിയെ വിമര്‍ശിക്കുന്നത്. കുഞ്ഞിനെ റോഡിലുപേക്ഷിച്ചു ഹേമമാലിനിയെ രക്ഷപെടുത്താനാണ് എല്ലാവരും ശ്രമിച്ചത്. അതു തെറ്റാണ്. ഹേമമാലിനിക്കും തെറ്റു പറ്റി. അത് അംഗീകരിക്കണം, സുപ്രിയോ പറഞ്ഞു.

കുട്ടി മരിച്ചതില്‍ അതീവ ദുഃഖമുണ്ടെന്നും കുട്ടിയുടെ പിതാവ് ട്രാഫിക് നിയമം പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാന്‍ സാധിക്കുമെന്നായിരുന്നു ബിജെപി എംപിയായ ഹേമമാലിനി ട്വിറ്ററില്‍ കുറിച്ചത്.

ഹേമമാലിനി പറഞ്ഞത് കള്ളമാണെന്നും താന്‍ ട്രാഫിക് നിയമം ലംഘിച്ചിട്ടില്ലെന്നും കുട്ടിയുടെ പിതാവ് ഹനുമാന്‍ ഖാണ്ഡേവാള്‍ പറഞ്ഞു. ദൗസയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഖാണ്ഡേവാള്‍. വളരെ പതുക്കെയാണ് വണ്ടിയോടിച്ചത്. ഹേമമാലിനി വന്ന വലിയകാറിന് അതിവേഗമായിരുന്നു. ഒഴിഞ്ഞുമാറാന്‍ കഴിയുന്നതും ശ്രമിച്ചു. പക്ഷേ, അതിനുമുമ്പ് വണ്ടിയിടിച്ചു. താന്‍ ട്രാഫിക് നിയമം ലംഘിച്ചുവെന്ന് ധൈര്യമുണ്ടെങ്കില്‍ തന്റെ മുമ്പില്‍ വന്ന് പറയാന്‍ ഹേമമാലിനിക്ക് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തില്‍ ഹേമമാലിനിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ജാമ്യത്തില്‍ വിടുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.