അണ്ടര്‍ 17 ഫിഫ ലോകകപ്പ് 2017 ഒക്ടോബര്‍ ആറു മുതല്‍;മത്സരം കൊച്ചി അടക്കം ആറു വേദികളില്‍

ന്യൂഡല്‍ഹി : അണ്ടര്‍ 17 ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ 2017 ല്‍ ഇന്ത്യയില്‍ നടക്കും. 2017 ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് ലോകകപ്പ് നടക്കുക. ആദ്യമായി ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നു എന്ന പ്രത്യേകതയുണ്ട്. കൊച്ചി അടക്കം ആറുവേദികളിലാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വേദികളുടെ ഒരുക്കത്തില്‍ സമ്പൂര്‍ണ തൃപ്തിയാണ് ഫിഫ സംഘം രേഖപ്പെടുത്തിയത്. കൊച്ചി, നവി മുംബൈ, ഗോവ, ഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍.ഗ്രൂപ്പുകളും മല്‍സരക്രമങ്ങളും ജൂലൈയില്‍ പ്രഖ്യാപിക്കും. ലോകകപ്പ് വേദിയായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ സ്റ്റേഡിയം കൊച്ചിയിലേതായിരുന്നു. സാധ്യതാ പട്ടികയിലുണ്ടായിരുന്ന കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഫിഫ സംഘം തൃപ്തി രേഖപ്പെടുത്തിയിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി അവസാനം മല്‍സര വേദിയും അനുബന്ധ സ്റ്റേഡിയങ്ങളും ഫിഫയ്ക്കു ൈകമാറണം. പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ട്, ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ട്, മഹാരാജാസ് സ്റ്റേഡിയം എന്നിവയാണു പരിശീലന മൈതാനങ്ങള്‍. 25 കോടി രൂപ ചെലവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണു നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നത്.ലോകകപ്പില്‍ കൊച്ചിക്ക് ഉറപ്പിക്കാവുന്നത് ആറു മല്‍സരങ്ങളാണ്. പ്രാഥമിക റൗണ്ടിലെ മല്‍സരങ്ങളാണിത്. എട്ടു പ്രീക്വാര്‍ട്ടറിലെ ഒന്നോ രണ്ടോ കളികള്‍ ലഭിച്ചാല്‍ കേരളത്തിനതു ബോണസ് ആവുകയും ചെയ്യും. ക്വാര്‍ട്ടര്‍ ഫൈനലിനായും ശ്രമിക്കാം. സെമിഫൈനല്‍ ലഭിച്ചാല്‍ അതു ബംപര്‍ സമ്മാനമാകും. ഫൈനല്‍ കൊല്‍ക്കത്ത അടിച്ചെടുക്കാനാണു സാധ്യത.