ബാര്‍ കോഴക്കേസ്: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി

 

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി. കേസ് ഡയറി, ദ്രുതപരിശോധനാ റിപ്പോര്‍ട്ട്, കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ഉത്തരവ് എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാനാണ് ഉത്തരവ്. വി.എസ്. അച്യുതാനന്ദനും ബിജു രമേശിനും നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. ഇരുവരും ഓഗസ്റ്റ് ഏഴിന് കോടതിയില്‍ ഹാജരാകണം. കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദേശം.

മന്ത്രി മാണിയെ പൂര്‍ണമായും കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് എസ്പി: സുകേശന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണി ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയിട്ടില്ലെന്നും കോഴ ആരോപണത്തിനു തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മാണി കോഴ ആവശ്യപ്പെട്ടതിനോ നല്‍കിയതിനോ ഒരു തെളിവുമില്ല. പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക താല്‍പര്യമെടുത്തില്ല.

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങള്‍ കൂട്ടായി എടുത്തതാണ്. മാത്രമല്ല, നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനം ബാറുടമകളുടെ താല്‍പര്യത്തിനു വിരുദ്ധമാണെന്നും ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി: ആര്‍. സുകേശന്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച 54 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.