ഗുണ്ടാസംഘങ്ങള്‍ക്ക് രാഷ്ട്രീയകവചമൊരുക്കില്ല; ഗുണ്ടാസംഘങ്ങളെ നേരിടാന്‍ പ്രത്യേക പൊലീസ് ടീമിനെ നിയോഗിക്കും;ഗുണ്ടകളെ നിലയ്ക്കു നിര്‍ത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം :സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ക്ക് രാഷ്ട്രീയകവചമൊരുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ അടുത്തുനില്‍ക്കുന്ന ആളാണെങ്കിലും സംരക്ഷണമുണ്ടാകില്ല. ഗുണ്ടാസംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഗുണ്ടാസംഘങ്ങളെ നേരിടാന്‍ പ്രത്യേക പൊലീസ് ടീമിനെ നിയോഗിക്കും. പൊലീസും ഗുണ്ടകളുമായി ബന്ധമുണ്ടോയെന്നറിയില്ല. ഗുണ്ടകളെ നിലയ്ക്കു നിര്‍ത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഗുണ്ടാ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിനു അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തില്‍ നിന്ന് പിടി തോമസ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. കൊച്ചിയിലെ ഗുണ്ടാ ആക്രമണങ്ങള്‍ക്ക് കണ്ണൂര്‍ ബന്ധമുണ്ടെന്നു പി.ടി. തോമസ് എംഎല്‍എ. സിപിഎം നേതാക്കള്‍ക്കു ഇത്തരം ഗുണ്ടകളുമായി ഉറ്റബന്ധമുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ ആരോപിച്ചു. സംസ്ഥാനത്ത് വര്‍ധിക്കുന്ന ഗുണ്ടാ ആക്രമണങ്ങളെക്കുറിച്ച് സഭയില്‍ ചര്‍ച്ചചെയ്യണമെന്നു ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിനിടെയാണ് പി.ടി. തോമസിന്റെ ഗുരുതര ആരോപണം.ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഗുണ്ടാസംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി നഗരത്തിലെ പ്രശ്‌നങ്ങളാണ് പി.ടി.തോമസ് പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്.
അതേസമയം, കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.