പുലിമുരുകനെ കാണാന്‍ മുഖ്യമന്ത്രി കുടുംബസമേതം എത്തി;മോഹന്‍ലാലിനെ അഭിനന്ദിച്ച് പിണറായി

തിരുവനന്തപുരം: പുലിമുരുകനെ കാണാന്‍ മുഖ്യമന്ത്രി കുടുംബസമേതം തിയേറ്ററില്‍ വന്നു. ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണന്റെ ഏരീസ് പ്‌ളസ് എസ്എല്‍ സിനിമ എന്ന മള്‍ട്ടിപ്ലക്‌സ് തിയറ്ററിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം എത്തിയത്. മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കടന്നു മുന്നേറുകയാണ്. ആക്ഷന്‍ ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന പിണറായി വിജയന്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് തീയേറ്ററില്‍ എത്തി സിനിമ കാണുന്നത്. കമലഹാസന്‍ ചിത്രം വിശ്വരൂപമാണ് അദ്ദേഹം അവസാനം കണ്ട ചിത്രം. പുലിമുരുകന്‍ നല്ല ചിത്രമാണെന്ന് സിനിമ കണ്ടതിനുശേഷം അദ്ദേഹം പറഞ്ഞു. സിനിമ കണ്ടശേഷം മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.