സമാജ്‌വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി;ശിവ്പാല്‍ യാദ് അടക്കം നാല് മന്ത്രിമാരെ അഖിലേഷ് യാദവ് പുറത്താക്കി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. അമ്മാവന്‍ ശിവ്പാല്‍ യാദവ് അടക്കം നാല് മന്ത്രിമാരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. മുലായംസിംഗ് യാദവിന്റെ സഹോദരനാണ് ശിവ്പാല്‍ യാദവ്. അഖിലേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എംഎല്‍എമാരുടേയും എംഎല്‍സിമാരുടേയും യോഗത്തിലാണ് തീരുമാനം. ശിവപാല്‍ യാദവിന് പുറമെ, ഓം പ്രകാശ് സിംഗ്, നാരദ് റായി, ശതാബ് ഫാത്തിമ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. അമര്‍സിംഗിന്റെ ആളുകള്‍ തന്റെ മന്ത്രിസഭയില്‍ വേണ്ടെന്ന് അഖിലേഷ് യാദവ് അറിയിച്ചതായി മെയിന്‍പുരി എംഎല്‍എ രാജു യാദവ് വ്യക്തമാക്കി.
അതേസമയം, ശിവപാല്‍ യാദവിനോട് അടുപ്പം പുലര്‍ത്തുന്ന എംഎല്‍എമാരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. അഖിലേഷ് യാദവിനെ അനുകൂലിക്കുന്ന എംഎല്‍സി ഉദയ്‌വീര്‍ സിംഗിനെ മുലായംസിംഗ് യാദവ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിനിടെ പിന്തുണയ്ക്കുന്ന 175 എംഎല്‍എമാരുടെ യോഗം അഖിലേഷ് യാദവ് വിളിച്ചുചേര്‍ക്കുകയായിരുന്നു. ഈ യോഗത്തിലാണ് അഞ്ച് മന്ത്രിമാരെ പുറത്താക്കിയുള്ള തീരുമാനം.

മുലായാം സിംഗ് യാദവിന്റെ സഹോദരനായ ശിവ്പാല്‍ യാദവിനെ മുഖ്യമന്ത്രി അഖിലേഷ് യാദവിന് പകരം പാര്‍ട്ടിയുടെ അധ്യക്ഷനാക്കിയത് മുലായത്തിന്റെ രണ്ടാം ഭാര്യ സാദ്‌ന ഗുപ്തയുടെ ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടി എംഎല്‍സി ഉദയ്‌വീര്‍ മുലായത്തിന് കത്തെഴുതിയിരുന്നു. അഖിലേഷിനായി മുലായവും ശിവ്പാല്‍ യാദവും വഴിമാറിക്കൊടുക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുമായി ചേര്‍ന്ന് എസ്പി നേതാവ് അമര്‍സിംഗും പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും ഉദയ്‌വീര്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഉദയ്വീര്‍ സിംഗിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് മുലായം സിംഗ് പുറത്താക്കിയത്. ഉടന്‍ തന്നെ അതൃപ്തി അറിയിച്ച അഖിലേഷ് യാദവ് ഒപ്പം നില്‍ക്കുന്ന 175 എംഎല്‍എമാരുടെ യോഗം വിളിക്കുകയായിരുന്നു. ആകെ 250 എംഎല്‍എമാരാണ് എസ്പിക്കുള്ളത്. മുലായംശിവ്പാല്‍ സഖ്യം പ്രഖ്യാപിച്ച അടുത്തമാസം അഞ്ചിലെ പാര്‍ട്ടിയുടെ 50ആം വാര്‍ഷികം ആഘോഷത്തില്‍ നിന്ന് അഖിലേഷ് വിട്ട് നിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പകരം അടുത്തമാസം മൂന്നിന് സര്‍ക്കാര്‍ നേട്ടങ്ങള്‍ നിരത്തി രഥയാത്ര നടത്താനാണ് അഖിലേഷിന്റെ തീരുമാനം. തന്റെപാര്‍ട്ടി അധ്യക്ഷ സ്ഥാനം ശിവ്പാല്‍ യാദവിന് നല്‍കിയ മുലായത്തിനെതിരെ ശിവ്പാലിന്റെ സുപ്രധാന വകുപ്പുകള്‍ എടുത്തുമാറ്റിയായിരുന്നു അഖിലേഷിന്റെ ആദ്യ പ്രതിഷേധം.

© 2024 Live Kerala News. All Rights Reserved.