രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്; ഭീഷണിപ്പെടുത്തിയുള്ള സംഭാവനകള്‍ സൈന്യത്തിന് വേണ്ട;രാജ് താക്കറെയുടെ നിര്‍ദേശത്തെ തള്ളി സൈന്യം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നവനിര്‍മ്മാണ്‍ സേനയ്‌ക്കെതിരെ ഇന്ത്യന്‍ സൈന്യം. പാക് താരം അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെങ്കില്‍ സൈനിക ക്ഷേമനിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കണമെന്ന എംഎന്‍എസ് നേതാവ് രാജ് താക്കറെയുടെ നിര്‍ദേശം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും വിരമിച്ച സൈനികരും തള്ളി.സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ അതിയായ ആശങ്കയും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് രാജ് താക്കറെ നിര്‍ദേശം മുന്നോട്ടുവച്ചത്. വ്യവസ്ഥ നിര്‍മാതാക്കള്‍ അംഗീകരിക്കുകയും 28ന് ചിത്രം റിലീസ് ചെയ്യാനും തീരുമാനിച്ചിരുന്നു. സൈന്യത്തിലേക്ക് ആര്‍ക്കും സംഭാവന ചെയ്യാമെന്നും എന്നാല്‍ അതിന് ആരേയും നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധപൂര്‍വ്വം നല്‍കിപ്പിക്കുന്നതുമായ സംഭാവകള്‍ സൈന്യം സ്വീകരിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. സിനിമാ നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പണം സംഭാവന ചെയ്യാം.അതല്ലാതെ ഫണ്ടിനായി യാചിച്ച് സൈന്യം എവിടേയും പോകില്ല. എന്നാല്‍ നിര്‍ബന്ധിത സംഭാവന അസ്വീകാര്യമാണെന്നു മാത്രമല്ല സൈന്യത്തെ ഒരിക്കലും രാഷ്ട്രീയക്കളിയുടെ ഭാഗമാക്കുകയും ചെയ്യരുത്. മുന്‍ നോര്‍ത്തേന്‍ സൈനിക കമാന്‍ഡറും ലെഫ്റ്റനന്റ് ജനറലുമായ ബിഎസ് ജെയ്‌സ്വാള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.