എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത ജുങ്കോ താബേ വിടവാങ്ങി;അന്ത്യം ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്

ടോക്കിയോ: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിതയായ ജാപ്പനീസ് പര്‍വതാരോഹക ജുങ്കോ താബേ(77) അന്തരിച്ചു. അന്ത്യം ജപ്പാനിലെ വടക്കന്‍ ടോക്കിയോയില്‍ സായിത്മാ ആശുപത്രിയില്‍. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് നാലു വര്‍ഷം ജുങ്കോ താബേ ചികിത്സയിലായിരുന്നു. 1975 മെയില്‍ 35 ആം വയസ്സിലാണ് താബേ എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റിനു പുറമേ താന്‍സാനിയയിലെ കിളിമഞ്ചാരോ, യുഎസിലെ മക്കിന്‍ലേ, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ് എന്നിങ്ങനെ നിരവധി കൊടുമുടികള്‍ കീഴടക്കി. കഴിഞ്ഞ ജൂലൈയില്‍ കുട്ടികള്‍ക്കൊപ്പം മധ്യജപ്പാനിലെ ഫ്യൂജി കൊടുമുടി കയറിയതാണ് അവസാനദൗത്യം. പത്താമത്തെ വയസ്സിലാണ് ജുങ്കോ ആദ്യത്തെ പര്‍വതാരോഹണം നടത്തിയത്. തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ അധ്യാപികയുടെ സഹായത്തോടെ 6289 അടി ഉയരമുള്ള നാസു പര്‍വ്വതമാണ് ജുങ്കോ കീഴടക്കിയത്. ഷോവ വിമന്‍സ് സര്‍വ്വകലാശാലയില്‍ ബിരുദപഠന കാലത്ത് അവിടെയുള്ള പര്‍വതാരോഹക ക്ലബ്ബില്‍ ജുങ്കോ അംഗമായിരുന്നു. 1969 ല്‍ അവര്‍ ലേഡീസ് ക്ലൈംബിംഗ് ക്ലബ് സ്ഥാപിച്ചു. ആല്‍പ്‌സ് പര്‍വ്വതനിരകളിലെ, ഫ്യൂജി ഉള്‍പ്പടെയുള്ള രണ്ടു പര്‍വ്വതങ്ങള്‍ ജുങ്കോ വൈകാതെ കീഴടക്കി. 1972 ഓടെയാണ് ജുങ്കോ, ജപ്പാനിലെ അറിയപ്പെടുന്ന ഒരു പര്‍വ്വതാരോഹകയായി മാറിയത്. 1975 മേയ് നാലാം തീയതിയാണ് ജുങ്കോ നേതൃത്വം നല്‍കിയ സംഘം എവറസ്റ്റ് പര്യവേഷണം ആരംഭിച്ചത്. 6,500 അടി മുകളിലാണ് പര്യവേഷണ സംഘം തങ്ങളുടെ ആദ്യത്തെ ക്യാംമ്പ് പടുത്തുയര്‍ത്തിയത്. പെട്ടെന്നുണ്ടായ കനത്ത ഹിമപാതം, അവരുടെ ടെന്റുകളെ ആകെ തകര്‍ത്തുകളഞ്ഞു. എന്നിരുന്നാലും, പര്യവേഷണ സംഘത്തിലെ ആര്‍ക്കും ആളപായമുണ്ടായില്ല. 1975 മേയ് പതിനാറാം തീയതി ജുങ്കോയുടെ കാല്‍പാടുകള്‍ എവറസ്റ്റ് കൊടുമുടില്‍ പതിഞ്ഞു.

© 2024 Live Kerala News. All Rights Reserved.