പ്രതിഷേധങ്ങള്‍ക്ക് വിരാമം; യെ ദില്‍ ഹേ മുഷ്‌കില്‍ തിയേറ്ററുകളിലേക്ക്;ഉപാധികള്‍ അംഗീകരിച്ചു സംവിധായകന്‍

വിവാദങ്ങള്‍ക്ക് വിരാമം, യെ ദില്‍ ഹോ മുഷ്‌കില്‍ ഒക്ടോബര്‍ 28 ന് തീയേറ്ററുകളിലേക്ക്. എംഎന്‍എസ് നേതാക്കള്‍ മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചുവെന്ന് കരണ്‍ ജോഹര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ചിത്രം പുറത്തിറങ്ങുന്നത്. ചര്‍ച്ചയില്‍ പാക്ക് താരങ്ങളെ വച്ച് ചിത്രം ചെയ്യുന്ന നിര്‍മ്മാതാക്കള്‍ അഞ്ച് കോടി സൈനീക ദുരിദാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ അഭിപ്രായപ്പെട്ടു. പാക്ക് താരം ഫഹദ്് ഖാന്‍ അഭിനയിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ചിത്രം പുറത്തിറക്കാന്‍ സമ്മതിക്കില്ലെന്ന് എംഎന്‍എസ് നേതാക്കള്‍ അറിയിച്ചിരുന്നു.കരണ്‍ ജോഹര്‍, മഹാരാഷ്ട്ര നവനിര്‍മ്മാണ സേനാ പ്രസിഡന്റ് രാജ് താക്കറെ, ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രസിഡന്റ് മഹേഷ് ഭട്ട് എന്നിവര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയത്.

ഉറി ഭീകരാക്രമണത്തില്‍ 20 സൈനികര്‍ മരിച്ചതിനെ തുടര്‍ന്ന് പാകിസ്താനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പാക് താരങ്ങള്‍ അഭിനയിച്ച സിനിമയുടെ പ്രദര്‍ശനും തടയുമെന്നായിരുന്നു എംഎന്‍എസിന്റെ ഭീഷണി. ഭാവിയില്‍ പാക് താരങ്ങളെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും മറ്റെന്തിനേക്കാളും സൈന്യത്തെയും രാജ്യത്തെയും ബഹുമാനിക്കുന്നതായും മഹേഷ് ഭട്ട് പറഞ്ഞു.  തുക പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് പൂര്‍ണ്ണ സുരക്ഷ നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.