അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് കൊച്ചി വേദിയാകുന്നു;ഒരുക്കങ്ങളില്‍ പൂര്‍ണ്ണ തൃപതിയെന്ന് ഫിഫ സംഘം

കൊച്ചി: 2017ല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് കൊച്ചി വേദിയാകും.കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയ ശേഷമാണ് ഫിഫ സംഘത്തിന്റെ പ്രഖ്യാപനം. ഒരുക്കങ്ങളില്‍ പൂര്‍ണ്ണ തൃപതിയെന്നും ഫിഫ സംഘം അറിയിച്ചു. ഇതോടെ ഫുട്‌ബോള്‍ ഭൂപടത്തില്‍ കൊച്ചിയെ അടയാളപ്പെടുത്താനുളള സുവര്‍ണാവസരമാണ് കേരളത്തിന് കൈവന്നിരിക്കുന്നത്. അണ്ടര്‍ 17 ലോകകപ്പിനുള്ള സാധ്യതാ വേദികളിലെ മുന്നൊരുക്കങ്ങളുടെ രണ്ടാംഘട്ട പരിശോധനയ്ക്കായി ഫിഫയുടെ ഉന്നതതല സംഘം ഇന്ന് കൊച്ചിയിലെത്തിയത്. അണ്ടര്‍17 ലോകകപ്പ് ഇവന്റ് മാനേജര്‍ മരിയോണ്‍ മേയര്‍, പ്രൊജക്റ്റ് ലീഡര്‍ ട്രേസി ലൂ എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ പ്രതിനിധി സംഘമാണ് എത്തിയത്. 25 വരെ സംഘം ഇന്ത്യയിലുണ്ടാവും. കൊച്ചിയെ കൂടാതെ സംഘം നവി മുംബൈ, ഗോവ, ഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും സന്ദര്‍ശിച്ച് സംഘം നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. 2017 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.