സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പ്രചോദനമായത് ആര്‍.എസ്.എസിന്റെ തത്വശാസ്ത്രമെന്ന് മനോഹര്‍ പരീക്കര്‍;’സൈന്യം എന്തെങ്കിലും പറഞ്ഞാല്‍ നമ്മള്‍ അത് വിശ്വസിക്കണം’

അഹമ്മദാബാദ്: നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരില്‍ ആക്രമണം നടത്താന്‍ പ്രചോദനമായത് ആര്‍.എസ്.എസിന്റെ തത്വശാസ്ത്രമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. നിര്‍മ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ‘നോ ദ ആര്‍മി’ എന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ മഹാത്മാഗാന്ധിയുടെ ഗ്രാമത്തില്‍ നിന്നുവരുന്ന ഒരു പ്രധാനമന്ത്രിയ്ക്കും ഗോവയില്‍ നിന്നുവരുന്ന പ്രതിരോധമന്ത്രിയായ എനിക്കും പട്ടാള പാരമ്പര്യമൊന്നുമില്ലായിരുന്നല്ലോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് ശിക്ഷണമാണ് അതിനു സഹായിച്ചത്.’ എന്നായിരുന്നു പരീക്കറിന്റെ പരാമര്‍ശം. ഇന്ത്യന്‍ സൈന്യം അടുത്തിടെ നടത്തിയ ഈ ആക്രമണം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്നും പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇപ്പോള്‍ ആര്‍മി ചുട്ടമറുപടി നല്‍കുന്നുണ്ടെന്നും അതിന്റെ ക്രഡിറ്റ് ബിജെപി സര്‍ക്കാറിനാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവു ചോദിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘സൈന്യം എന്തെങ്കിലും പറഞ്ഞാല്‍ നമ്മള്‍ അത് വിശ്വസിക്കണം’ എന്ന മറുപടിയാണ് തെളിവു ചോദിക്കുന്നവര്‍ക്ക് പരീക്കര്‍ നല്‍കുന്നത്.’ആര്‍മിക്ക് വലിയ സത്യനിഷ്ഠയാണുള്ളത്. അഹമ്മദാബാദില്‍ ആരും സൈന്യത്തോട് തെളിവ് ചോദിക്കുമെന്ന് എനിക്കു തോന്നുന്നില്ല. കൃത്യമായ തെളിവു നല്‍കിയാല്‍ പോലും വിശ്വസിക്കാത്ത ആളുകളുമുണ്ട്.’ പരീക്കര്‍ പറഞ്ഞു.ഇന്ത്യന്‍ കരസേനയെക്കുറിച്ച് ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ അഭിമാനമുണര്‍ത്താനും രാജ്യസുരക്ഷയെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കാനും സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ സാധിച്ചു എന്നും മനോഹര്‍ പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.