ഇന്ത്യയും റഷ്യയും ഇനി ഭായ് ഭായ്.. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് റഷ്യ

ഉഫ: ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലൂദ്മീര്‍ പുതിന്‍. റഷ്യ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പുതിന്‍ ഇക്കാര്യം ന്യക്തമാക്കിയത്. ഇന്ത്യന്‍ സംസ്‌ക്കാരത്തെ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും കൂടിക്കാഴ്ചയ്ക്കിടെ പുതിന്‍ പറഞ്ഞു.

റഷ്യയില്‍ തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ മോദി ഇന്ത്യയും റഷ്യയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഈ വര്‍ഷം തന്നെ റഷ്യയില്‍ വീണ്ടും എത്തുമെന്നും അറിയിച്ചു. ജൂണ്‍ 21 ന് ലോക യോഗാദിന ആചരണത്തില്‍ റഷ്യയും പങ്കുചേര്‍ന്നതിന് മോദി പുതിനെ നന്ദി അറിയിച്ചു. തനിക്ക് യോഗ ചെയ്യാന്‍ അറിയില്ലെന്നും കാണുമ്പോള്‍ വളരെ ബുദ്ധിമുട്ടായി തോന്നുന്നുണ്ടെന്നും അതിനാലാണ് പരീക്ഷിക്കാത്തതെന്നുമായിരുന്നു പുതിന്റെ മറുപടി. ഇരു രാജ്യങ്ങളും തമ്മില്‍ എല്ലാ മേഖലകളിലുമുള്ള സഹകരണത്തെ ഇരു നേതാക്കളും വിലയിരുത്തി.

ബ്രിക്‌സ്, ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്.സി.ഒ.) സമ്മേളനങ്ങളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തിയത്. ഉസ്‌ബെക്കിസ്താന്‍, കസാഖ്‌സ്താന്‍ സന്ദര്‍ശനങ്ങള്‍ക്കു ശേഷമാണ് മോദി ഇവിടെയെത്തിയത്.

© 2024 Live Kerala News. All Rights Reserved.