വിഴിഞ്ഞത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ്..

ദില്ലി: വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ വിശദീകരണം. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ഹൈക്കമാന്റ് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ ഹൈക്കമാന്റ് ഇടപെടേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആര്‍പിഎന്‍ സിംഗ് പറഞ്ഞു. നടപടിക്രമങ്ങളനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കരാറുമായി മുന്നോട്ട് പോകുന്നത്.

അദാനി ഗ്രൂപ്പിന് വിഴിഞ്ഞം കരാര്‍ നല്‍കുന്നതില്‍ ഹൈക്കമാന്റിന് ആശങ്കയില്ലെന്നും എന്നാല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ പരിശോധിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി. മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഹൈക്കമാന്റ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖക്കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കുന്നത് വൈകുന്നതിനുപിന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ എതിര്‍പ്പാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അദാനിയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ബന്ധം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ പദ്ധതിവരുന്നത് മുടക്കാനും തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് കൊണ്ടുപോകാനും ഈ അവസരം ഉപയോഗിച്ച് ഒരുവിഭാഗം ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

ഹൈക്കമാന്റ് എതിര്‍പ്പിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇ-മെയില്‍ അയച്ചിരുന്നു. പദ്ധതിയില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകാനാകില്ലെന്നും മുഖ്യമന്ത്രി ഉറച്ച നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രി ദില്ലിയിലുള്ള മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചു. നേരത്തെ എതിര്‍പ്പുയര്‍ത്തിയ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും പ്രശ്‌നത്തിലിടപെട്ടു. ഇന്നലെ വൈകി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലും സുധീരനും കൂടിയാലോചന നടത്തി. പദ്ധതി യാഥാര്‍ഥ്യമായില്ലെങ്കില്‍ സംസ്ഥാനത്ത് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തി ദേശീയ നേതൃത്വത്തെ അറിയിച്ചു.

7525 കോടി രൂപ ചെലവിലുള്ള തുറമുഖത്തിന്റെ നിര്‍മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് നല്‍കാന്‍ ജൂണ്‍ പത്തിനാണ് മന്ത്രിസഭ തീരുമാനിച്ചത്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വലിയ നേട്ടമായി ഇത് പ്രചരിപ്പിച്ചിരുന്നു. തുടര്‍നടപടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടും ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം കഴിഞ്ഞിട്ടും അതിനുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. സാങ്കേതിക നടപടിക്രമങ്ങള്‍ കാരണമാണ് വൈകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

© 2024 Live Kerala News. All Rights Reserved.