പ്രസക്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുന്നത് തികച്ചും വേദനാജനകം;നിരവധി പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് പുലിമുരുകന്‍; വൈശാഖ്

പുലിമുരുകന്റെ പ്രസക്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ വൈശാഖ് രംഗത്ത്. നിരവധി പേരുടെ കഠിനാധ്വാനത്തില്‍ എത്തിയ ഒരു സിനിമ തീയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ അതിലെ പ്രസക്തഭാഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണെന്ന് വൈശാഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയരേ,

ഇത് ഏറെ വേദനിപ്പിക്കുന്നു.
കാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയിയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ചിരുന്നത്. എല്ലാവരും അവരാല്‍ കഴിയുന്നതെല്ലാം തോളിലേറ്റിയാണ് ആ ദൂരങ്ങളെല്ലാം താണ്ടിയത്. എല്ലാവര്‍ക്കും ഉള്ളില്‍ ‘പുലിമുരുകന്‍’ എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്ന ദിനം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അത്രയധികം പേരുടെ കഠിനാദ്ധ്വാനം ഒരു സിനിമയായി തീയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ അതിലെ പ്രസക്തഭാഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണ്. നിങ്ങളുടെ ആവേശം മനസ്സിലാക്കാവുന്നതാണ്.
പക്ഷേ ഓരോ രംഗത്തിനും വേണ്ടി ഒട്ടനവധി പേര്‍ ഒഴുക്കിയ വിയര്‍പ്പുതുള്ളികള്‍ ഏറെയാണ്. ദയവായി അത്തരം ക്ലിപ്പിംഗ്‌സുകള്‍ ഷെയര്‍ ചെയ്യാതിരിക്കുക. ചിത്രം പൂര്‍ണമായി തീയറ്ററില്‍ ഇരുന്നു തന്നെ ആസ്വദിക്കുക.ഇതൊരു അപേക്ഷയായി കണ്ട് എല്ലാവരും ദയവായി സഹകരിക്കുക.
ഇപ്പൊ ശരിയാക്കിത്തരാം എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുലിമുരുകന്റെ ഭാഗങ്ങള്‍ പ്രചരിക്കുന്നത്.
മോഹന്‍ലാലും പുലിയും തമ്മിലുള്ള സംഘട്ടന രംഗങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണിവ. എന്നാല്‍ വ്യാജ വീഡിയോ പ്രചരിക്കുന്നത് വിവാദമായപ്പോള്‍ ക്ലിപ്പുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
എന്നാല്‍ പുലിമുരുകന്‍ റീലീസ് ചെയ്ത തീയേറ്ററുകള്‍ പൊലീസിന്റെയും ആന്റി പൈറസി സെല്ലിന്റെയും നിരീക്ഷണത്തിലാണ്. തമിഴ് ചിത്രമായ റെമോയും ഫെയ്‌സ് ബുക്കില്‍ ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്നുണ്ട്. ജയസൂര്യ ചിത്രം ഇടിയും ,ടോവിനോ ചിത്രം ഗപ്പിയുടെയും വ്യാജപതിപ്പുകള്‍ ഇറങ്ങിയിരുന്നു

© 2024 Live Kerala News. All Rights Reserved.