കശ്മീര്‍: ശ്രീനഗറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ പെല്ലെറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സെയ്ദ്‌പോറ നിവാസിയായ ജുനൈദ് അഹമ്മദ് (12) മരിച്ചു.പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനു വേണ്ടിയാണ് ശനിയാഴ്ച വൈകിട്ട് സൈന്യം പെല്ലറ്റാക്രമണം നടത്തിയത്. ഈ സമയത്ത് വീടിന്റെ ഗേറ്റിനു സമീപത്തായി നില്‍ക്കുകയായിരുന്നു ജുനൈദ്. പെല്ലറ്റുകള്‍ ജുനൈദിന്റെ തലയിലും നെഞ്ചിലും പതിച്ചു. ഗുരുതരമായി പരുക്കേറ്റ ജുനൈദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുട്ടിയുടെ മരണത്തോടെ പ്രദേശത്ത് സംഘര്‍ഷം കൂടുതല്‍ ശക്തമായി. ജുനൈദിന്റെ മൃതദേഹവുമായി നൂറുകണക്കിന് ജനങ്ങള്‍ തെരുവിലൂടെ പ്രതിഷേധപ്രകടനം നടത്തി. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. പ്രകടനം അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ജമ്മു കശ്മീരിന്റെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം ആരംഭിച്ചത്. സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 90 ലധികം പേര്‍ പൊല്ലപ്പെട്ടിട്ടുണ്ട്. 10000 ത്തോളം പേരാണ് പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്.