ലക്നൗ: മാഗി നൂഡില്‍സില്‍ മായം കണ്ടെത്തിയ സംഭവത്തില്‍ മാഗിയുടെ നിര്‍മാതാക്കളായ നെസ്‌ലെയ്ക്കെതിരെ കേസ്. ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടു മാധുരി ദീക്ഷിതിനു ഭക്ഷ്യ സുരക്ഷാ വകുപ്പു കാരണംകാണിക്കല്‍ നോട്ടിസ് നല്‍കി.
നെസ്‌ലെയ്ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നതിന് എഫ്എസ്ഡിഎയുടെ അനുമതി ലഭിച്ചതായി ബരാബങ്കിയിലെ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ വി.കെ. പാണ്ഡെ പറഞ്ഞു. മാഗിയില്‍ അപകടകരമായ അളവില്‍ ലെഡിന്റെയും മോണോ സോഡിയം ഗ്ലൂറ്റാമേറ്റിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. കൊല്‍ക്കത്തയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇതിനു സ്ഥിരീകരണവും ലഭിച്ചു.
ആരോഗ്യത്തിനു ഹാനികരമായ ഇത്തരം ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതു ഭക്ഷ്യസുരക്ഷാ വിഭാഗം വിലക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാകും നെസ്‌ലെയ്ക്കെതിരെ കേസെടുക്കുക.
നെസ്‌ലെയുടെ ഉത്തര്‍പ്രദേശ് നാഗ കല്യാണ്‍ വ്യവസായ മേഖല, ഈസി ഡെ ഔട്ട്‌ലെറ്റ് എന്നിവയ്ക്കെതിരെയാകും കേസ്.
മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണു മാധുരി ദീക്ഷിതിനു കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. രണ്ടു മിനിറ്റില്‍ തയാറാകുന്ന മാഗിയുടെ ഗുണങ്ങളെന്തെന്ന് അതിന്റെ പരസ്യത്തില്‍ അഭിനയിച്ചയാള്‍ വിശദീകരിക്കണം. നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി ലഭിക്കണമെന്നുമുണ്ട്. തൃപ്തികരമായ വിശദീകരണമല്ലെങ്കില്‍ മാധുരി ദീക്ഷിതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ പറയുന്നു