കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു;ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സമരം

കോഴിക്കോട്: കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംസ്ഥാനത്ത് പലയിടത്തും പണിമുടക്കുന്നു. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. കോഴിക്കോട് താമരശേരി ഡിപ്പോയില്‍ നിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളെ സമരം ഭാഗികമായി ബാധിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ സിഐടിയു പണിമുടക്കുന്നു. എറണാകുളം ആലുവ ഡിപ്പോയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു.കൊല്ലത്ത് 669 ഷെഡ്യൂളുകള്‍ മുടങ്ങി. സെപ്തംബര്‍ 30ന് ലഭിക്കേണ്ട ശമ്പളം മുടങ്ങിയതോടെയാണ് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. പകുതിയിലധികം ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ വിവിധ ഡിപ്പോകളില്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം തുടരുകയാണ്. സാധാരണഗതിയില്‍ മാസത്തിലെ അവസാന പ്രവൃത്തി ദിവസമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നത്. എന്നാല്‍ ശമ്പളം വൈകിയതോടെ തിങ്കളാഴ്ച മുതല്‍ വിവിധ ഡിപ്പോകളില്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഉപവാസസമരം ആരംഭിച്ചിരുന്നു.തുടര്‍ന്ന് 40 ശതമാനത്തോളം ജീവനക്കാര്‍ക്ക് തിങ്കളാഴ്ച വൈകീട്ട് ശമ്പളം ലഭിച്ചു. ഇതോടെ സമരം ഭാഗികമായി പിന്‍വലിച്ചു. എന്നാല്‍ അവശേഷിക്കുന്ന ജീവനക്കാര്‍ക്ക് ചൊവ്വാഴ്ചയും ശമ്പളം ലഭിച്ചില്ലെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ജീവനക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം കെഎസ്ആര്‍ടിസി ജീവനക്കാരോട് കടുത്ത അവഗണനയാണ് മാനേജ്‌മെന്റ് പുലര്‍ത്തുന്നതെന്ന് ഐഎന്‍ടിയുസി ആരോപിക്കുന്നു.മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

© 2024 Live Kerala News. All Rights Reserved.