ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിടുന്നതിന് എതിര്‍പ്പില്ലെന്ന് സൈന്യം.എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി ഇക്കാര്യങ്ങള്‍ സംസാരിച്ചെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മിന്നലാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യന്‍ വാദം വ്യാജമാണെന്ന പാക് പ്രചാരണം അവസാനിപ്പിക്കാന്‍ ദൃശ്യങ്ങള്‍ പുറത്തു വിടുണമെന്നാണ് സൈന്യം കരുതുന്നത്.ഇതേച്ചൊല്ലി ഇന്ത്യയിലും വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപണമുന്നയിച്ചിരുന്നു. പാകിസ്താനെതിരെ ഇന്ത്യ അതിര്‍ത്തികടന്ന് നടത്തിയ മിന്നലാക്രമണത്തിന് കേന്ദ്രസര്‍ക്കാര്‍ തെളിവ് ഹാജരാക്കാത്തിടത്തോളം അതു കെട്ടുകഥയാണെന്ന തോന്നല്‍ നിലനില്‍ക്കുമെന്നാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം കഴിഞ്ഞ ദിവസം പറഞ്ഞത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കെജ് രിവാളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.ഉറിയിലെ സൈനിക കേന്ദ്രത്തില്‍ പാക്ക് പിന്തുണയോടെ സെപ്റ്റംബര്‍ 18ന് ഭീകരര്‍ നടത്തിയ ആക്രമണത്തിനു പത്തു ദിവസങ്ങള്‍ക്കുശേഷം ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു നിയന്ത്രണരേഖ മറികടന്നുള്ള മിന്നലാക്രമണം. സൈന്യം നടത്തിയ ഈ നടപടിക്ക് രാജ്യമെങ്ങും പ്രശംസ ലഭിച്ചിരുന്നു.