മുതിര്‍ന്ന മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റു തിരുത്തണം; അല്ലെങ്കില്‍ കലാപമുണ്ടാകും; സ്വാശ്രയ പ്രശ്‌നത്തില്‍ അടിയന്തര പ്രമേയത്തിന് അവസരം നിഷേധിച്ചതില്‍ വിഷമവും ദു:ഖവുമുണ്ട്;യുഡിഎഫ് ഹര്‍ത്താല്‍ സ്വാശ്രയ സമരത്തിന്റെ പ്രഭ കെടുത്തിയെന്നും വി.ഡി.സതീശന്‍

കൊച്ചി: കേരളത്തിലെ മുതിര്‍ന്ന മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റു തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ തന്നെ കലാപമുണ്ടാകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍. ഹൈക്കമാന്‍ഡ് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയിട്ടും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ മൂവരും പരാജയപ്പെട്ടു. യോജിച്ചു നില്‍ക്കാത്തതിനാലാണു കോണ്‍ഗ്രസില്‍ വീഴ്ച സംഭവിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെ മാത്രം മാറ്റുന്നതു ശരിയല്ലെന്ന ഹൈക്കമാന്‍ഡ് അഭിപ്രായത്തോടു തനിക്കു യോജിപ്പാണെന്നും സതീശന്‍ മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയില്‍ പറഞ്ഞു.സ്വാശ്രയ പ്രശ്‌നത്തില്‍ അടിയന്തര പ്രമേയത്തിന് അവസരം നിഷേധിച്ചതില്‍ രമേശ് ചെന്നിത്തലയോടുള്ള നീരസവും സതീശന്‍ മറച്ചുവച്ചില്ല.. ഒരാഴ്ച മുന്‍പ് തന്നെ ഏല്‍പിച്ച ഉത്തരവാദിത്തം തൊട്ടുതലേന്നു മാറ്റിയത് എന്തിനാണെന്ന് അറിയില്ല. അക്കാര്യത്തില്‍ വിഷമവും ദു:ഖവുമുണ്ടെങ്കിലും ഈ ഘട്ടത്തില്‍ ഒന്നും പറയുന്നില്ലെന്നും സതീശന്‍ പറഞ്ഞു. ആ അവസരം ലഭിച്ചിരുന്നെങ്കില്‍ ഒരേ ദിവസം ഏറ്റവും കൂടുതല്‍ സഭാ നടപടികളില്‍ ഇടപെട്ടതിനുള്ള റെക്കോര്‍ഡ് സതീശന്റെ പേരിലാകുമായിരുന്നു. തലസ്ഥാനത്തെ യുഡിഎഫ് ഹര്‍ത്താല്‍ സ്വാശ്രയ സമരത്തിന്റെ പ്രഭ കെടുത്തിയെന്നും സതീശന്‍ പറഞ്ഞു. ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എം.എം.ഹസനും പാര്‍ട്ടിയില്‍ പരിഹസിക്കപ്പെട്ടു. എങ്കിലും നിലപാടില്‍ മാറ്റമില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി എന്തു നടപടിയെടുത്താലും അതു നേരിടാന്‍ തയാറാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.