ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 572 പോയിന്റ് ഇടിഞ്ഞു;നിഫ്റ്റി കൂപ്പുകുത്തി;ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സെന്‍സെക്‌സ് 572 പോയിന്റ് ഇടിഞ്ഞ് 27,719ലെത്തി. നിഫ്റ്റി 8,588ലേക്ക് കൂപ്പുകുത്തി.ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സെന്‍സെക്‌സ് 417 പോയിന്റ് ഇടിഞ്ഞ് 27,875 ലും നിഫ്റ്റി 135 പോയിന്റ് ഇടിഞ്ഞ് 8,609ലുമായിരുന്നു. നിഫ്റ്റിയിലെ 51ല്‍ 41 ഓഹരികളും ഇടിഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. 36 പൈസ കുറഞ്ഞ് ഒരു യുഎസ് ഡോളറിന് 66.82 രൂപയായി. മൂന്ന് മാസത്തിനിടയില്‍ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണി നേരിടുന്നത്. ഐസിഐസിഐ ബാങ്ക്, ഭേല്‍, ഹിന്‍ഡാല്‍കോ, ഐടിസി, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, വേദാന്ത, ഭാരതി എയര്‍ടെല്‍, ഐഡിയ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ് സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലും ടിസിഎസ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുള്ളത്.

© 2024 Live Kerala News. All Rights Reserved.