മദ്യ ഉപഭോഗത്തില്‍ കേരളം പിന്നില്‍; ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പന കുറഞ്ഞു; ബിയര്‍ വില്‍പന കൂടി

തിരുവനന്തപുരം: മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം പിന്നിലാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ് കേരളം. കേരളത്തില്‍ 3.34 കോടി ജനങ്ങള്‍ക്ക് 306 ഔട്ട്‌ലെറ്റുകളാണുള്ളത്. തമിഴ്‌നാട്ടില്‍ 7 കോടിക്ക് 6,000 ഔട്ട്‌ലെറ്റുകളും കര്‍ണാടകയില്‍ ആറ് കോടിക്ക് 8,734 ഉം ആന്ധ്രയില്‍ എട്ട് കോടിക്ക് 6,505 ഔട്ട്‌ലെറ്റുകളുമുണ്ട്. മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പനയില്‍ കുറവും ബിയര്‍ വില്‍പനയില്‍ ഗണ്യമായ വര്‍ധനയുമുണ്ടായിട്ടുണ്ട്. നിലവിലുള്ള മദ്യനയം നടപ്പാക്കിയശേഷം ലഹരിമരുന്നു ദുരുപയോഗ നിയമപ്രകാരമുള്ള (എന്‍ഡിപിഎസ് ആക്ട്) എക്‌സൈസ് വകുപ്പ് എടുക്കുന്ന കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് എം.എം.മണിയുടെ ചോദ്യത്തിനു മന്ത്രി മറുപടി പറഞ്ഞു. 2013ല്‍ 793 കേസും 2014 ല്‍ 970 കേസുകളുമാണു റജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഓഗസ്റ്റ് വരെ 1,789 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.