യുഡിഎഫിന്റെ മദ്യനയത്തില്‍ തിരുത്ത്; ഗാന്ധി ജയന്തി ദിനത്തില്‍ 10 ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ല; പുതിയ നയം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ സര്‍ക്കാറിന്റെ മദ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തി എല്‍ഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയപ്രകാരമുള്ള തീരുമാനം നടപ്പാകില്ല. എല്ലാ വര്‍ഷവും ഗാന്ധി ജയന്തി ദിനത്തില്‍ ബിവറേജസിന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും 10 ശതമാനം വീതം മദ്യശാലകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുതിയ നയം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരും. പഴയ മദ്യനയം പ്രകാരം 28 ഔട്ട്‌ലെറ്റുകളാണ് പൂട്ടേണ്ടിയിരുന്നത്. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ സംസ്ഥാനത്തെ പത്ത് ശതമാനം ബിവറേജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ അടച്ചു പൂട്ടിയിരുന്നു. യുഡിഎഫ് മദ്യനയ പ്രകാരം 52 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഇതുവരെ പൂട്ടിയത്. യുഡിഎഫിന്റെ മദ്യനയം പ്രയോജനം ചെയ്യുന്നില്ലെന്നും അത് മയക്കുമരുന്ന് ഉപയോഗം കൂട്ടിയെന്നുമാണ് സര്‍ക്കാരിന്റെ വാദം. മദ്യനിരോധനമല്ല,വര്‍ജനമാണ് വേണ്ടതെന്ന എല്‍ഡിഎഫ് നിലപാടില്‍ ഉറച്ചുനിന്നുള്ളതാകും പുതിയ മദ്യനയം.

© 2024 Live Kerala News. All Rights Reserved.