സായി കായിക താരങ്ങളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമം

 

ആലപ്പുഴ: വിഷാംശം ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്നു ചികില്‍സയിലിരിക്കുന്ന സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (സായി) വനിതാ കായികതാരങ്ങളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാന്‍ പൊലീസ് ശ്രമിച്ചതായി പരാതി.

പറയാത്തതു മൊഴിയായി എഴുതിയ ശേഷം ക്രൈം ബ്രാഞ്ച് സംഘം നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതായി ഒരു കായികതാരം പറഞ്ഞു. സമ്മര്‍ദവും ഭീഷണിയും രൂക്ഷമായതിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി ആശുപത്രിയില്‍ നിന്നിറങ്ങിയോടി. സംഭവം വിവാദമായതോടെ പൊലീസ് മൊഴിയെടുക്കല്‍ അവസാനിപ്പിച്ചു മടങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു വിട്ട ശേഷം രണ്ടാഴ്ചയോളമായി ആലപ്പുഴയിലെ പഞ്ചകര്‍മ ആശുപത്രിയില്‍ ചികില്‍സയിലാണു മൂന്നു കായികതാരങ്ങളും. സായിയിലെ നാലു കായിക താരങ്ങളെയാണു വിഷാംശം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇവരില്‍ അപര്‍ണ രാമഭദ്രന്‍ മരിച്ചു. മറ്റു മൂന്നു പേരാണ് ഇപ്പോള്‍ ആയുര്‍വേദ ചികില്‍സയിലുള്ളത്.

താരങ്ങളുടെ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് ഓഫിസില്‍ നിന്നു രണ്ടു വനിതകള്‍ അടങ്ങുന്ന മൂന്നംഗ സംഘമാണ് ആശുപത്രിയില്‍ എത്തിയത്. അഭിഭാഷകരും മാതാപിതാക്കളും പറഞ്ഞു തന്നതല്ലേ ആവര്‍ത്തിക്കുന്നതെന്നു ചോദിച്ച സംഘം സത്യം പറഞ്ഞില്ലെങ്കില്‍ യൂണിഫോമില്‍ വന്നു പിടികൂടുമെന്നും പറഞ്ഞതായി കായിക താരങ്ങള്‍ പരാതിപ്പെടുന്നു. മൊഴി മാറ്റിപ്പറയാന്‍ നിര്‍ബന്ധിച്ചെന്നും ഇവര്‍ പറഞ്ഞു. താന്‍ പറയാത്തതു മൊഴിയായി എഴുതി നിര്‍ബന്ധിച്ച് ഒപ്പിട്ടു വാങ്ങിച്ചതായി ആദ്യം മൊഴിയെടുത്ത ഒരു താരം സൂചിപ്പിച്ചു. മൊഴിയെടുക്കാന്‍ ആരംഭിച്ചപ്പോള്‍ സമീപത്തു ബന്ധുക്കളോ മാതാപിതാക്കളോ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞു പിന്നീടു മാതാപിതാക്കള്‍ എത്തുകയായിരുന്നു. സംഭവം പ്രശ്‌നമായതിനെത്തുടര്‍ന്നു മൂന്നാമത്തെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താതെ ക്രൈം ബ്രാഞ്ച് സംഘം മടങ്ങി. സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുമെന്നു മാതാപിതാക്കളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പറഞ്ഞു. ക്രൈം ബ്രാഞ്ച് ഓഫിസിനു മുന്‍പില്‍ ഇവര്‍ പ്രതിഷേധിച്ചു.

ക്രൈം ബ്രാഞ്ച് സംഘം നേരത്തെ മൂന്നു കുട്ടികളുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നു മാതാപിതാക്കള്‍ ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. ഈ പരാതി അന്വേഷിക്കാനും ക്രൈം ബ്രാഞ്ചിനെത്തന്നെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതനുസരിച്ചാണു വീണ്ടും ക്രൈം ബ്രാഞ്ച് കുട്ടികളെ കണ്ടത്. ഇതിനോടകം പത്തു തവണയെങ്കിലും കുട്ടികളുടെയും മാതാപിതാക്കളുടെയും മൊഴി വിവിധ അന്വേഷണ സംഘങ്ങളും ഏജന്‍സികളും രേഖപ്പെടുത്തിയിട്ടുള്ളതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. അതേ സമയം, പൊലീസ് സംഘം മൊഴിയെടുക്കാന്‍ പോയിരുന്നെന്നും മൊഴി മാറ്റാന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും മാതാപിതാക്കളില്‍ ചിലര്‍ കേസ് വഴിതെറ്റിച്ചു വിടാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.