ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കും; ചില്ലുകൂട്ടില്‍ സൂക്ഷിക്കുന്നതിനായിട്ടല്ല ആണവായുധം നിര്‍മ്മിച്ചിരിക്കുന്നത്; ആവശ്യം വന്നാല്‍ അത് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുമെന്നും പാക്ക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാക്ക് പ്രതിരോധമന്ത്രി രംഗത്ത്. പാക്കിസ്ഥാനെതിരെ യുദ്ധത്തിന് പുറപ്പെട്ടാല്‍ ഇന്ത്യയെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി ഖൗജ ആസിഫ്. ഇന്ത്യയുടെ ഏത് തരം ആക്രമണത്തിനും മറുപടി നല്‍കാന്‍ പാക്കിസ്ഥാന്‍ സര്‍വസജ്ജമാണ്. ചില്ലുകൂട്ടില്‍ സൂക്ഷിക്കുന്നതിനായിട്ടല്ല ഞങ്ങള്‍ ആണവായുധം നിര്‍മ്മിച്ചിരിക്കുന്നത്. ആവശ്യം വന്നാല്‍ അത് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കും. ഇന്ത്യയുടെ അടുത്ത തലമുറകളെപ്പോലും തകര്‍ക്കാന്‍ ശേഷിയുള്ള ബോംബുകള്‍ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നും ആസിഫ് ഭീഷണി മുഴക്കി. പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യ തയ്യാറായാല്‍ ശക്തമായ തിരിച്ചടി നല്‍കും. അതിനു പാക്ക് സൈന്യം ഒരുങ്ങിയിരിക്കുന്നു. കാശ്മീര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനു പാക്കിസ്ഥാന്‍ കാണിക്കുന്ന താല്‍പ്പര്യം ഇന്ത്യയ്ക്കില്ലെന്ന് ലോകത്തിനറിയാം. നാലോ അഞ്ചോ രാജ്യങ്ങളുടെ എതിര്‍പ്പ് പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവാകില്ലെന്നും ആസിഫ് പറഞ്ഞു.  ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണ്. പാക്കിസ്ഥാനാണ് ആക്രമണം നടത്തിയതെന്നു തെളിയിക്കാന്‍ യാതൊരു തെളിവുകളുമില്ല. ഇന്ത്യക്കാരെ കൊലപ്പെടുത്തിയത് ഇന്ത്യക്കാര്‍ തന്നെയാണെന്നും പാക്ക് ടിവി ചാനലായ സമായോടായിരുന്നു അസിഫ് ഈക്കാര്യം പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.