തലസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താലില്‍ അക്രമം;മന്ത്രി തോമസ് ഐസക്കിന്റെ വാഹനം സമരക്കാര്‍ തടഞ്ഞു; മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ വാഹനവും തടഞ്ഞു;പെട്രോള്‍ പമ്പ് അടപ്പിക്കാനെത്തിയ യുഡിഎഫുകാരെ നാട്ടുകാര്‍ തടഞ്ഞു

തിരുവനന്തപുരത്ത്: തലസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം സമരക്കാര്‍ തടഞ്ഞു. ബേക്കറി ജംഗ്ഷനിലൂടെ മന്ത്രിയുടെ വാഹനം വരുന്നത് കണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടയുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസ് ഇടപെട്ട് വാഹനം വഴിതിരിച്ചു വിട്ടു.ഇതിന് പിന്നാലെ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പ്രഭാവര്‍മയുടെ വാഹനവും സമരക്കാര്‍ തടഞ്ഞു. സ്റ്റാച്ച്യുവില്‍ ഇന്ത്യന്‍ ഓയിലിന്റെ പമ്പ് അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ തടഞ്ഞു. പെട്രോള്‍ നിറയ്ക്കുവാനെത്തിയ ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വരി നില്‍ക്കുന്നതിനിടയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പമ്പ് അടപ്പിക്കാനെത്തിയത്. യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങി ഹര്‍ത്താല്‍ അനുകൂലികളുടെ നീക്കം തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തുകയും യൂത്ത് കോണ്‍ഗ്രസ് ജാഥ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പമ്പ് അടപ്പിക്കുകയുമായിരുന്നു. പാളയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ടയറുകളുടെ കാറ്റ് യുഡിഎഫ് പ്രവര്‍ത്തകര്‍ തുറന്നുവിട്ടു. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി ജീവനക്കാരി ഷീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ കടകള്‍ അടപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.