ജറുസലേം:ഇസ്രായേല്‍ മുന്‍ പ്രസിഡന്റും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ് (93) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. സെപ്റ്റംബര്‍ 13ന് ആരോഗ്യ മോശമായതിനെത്തുടര്‍ന്ന് ഷിമോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. 2007 മുതല്‍ 2014 വരെ തുടര്‍ച്ചയായി രണ്ടു തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് ഇസ്രയേലിനെ നയിച്ചത് പെരസ് ആണ്. സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനു മുന്‍പ് തന്നെ ശ്രദ്ധ നേടിയ രാഷ്ട്രിയ പ്രവര്‍ത്തകനാണ് പെരസ്. 66 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ 12 കാബിനറ്റുകളില്‍ അദ്ദേഹം അംഗമായിരുന്നു. 1994 സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തി. ‘പെരസ് സെന്റര്‍ ഫോര്‍ പീസ്’ എന്ന സ്ഥാപനത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.ഇസ്രയേലിന്റെ രഹസ്യ ആണവ പദ്ധതിയുടെ ശില്‍പ്പിയുമായിരുന്നു പെരസ്.