ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് വീണ്ടും തിരിച്ചടി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് തമിഴ്‌നാടിന് 6000 ക്യുസെക്‌സ് ജലം വിട്ടുനല്‍കാനും സുപ്രീംകോടതി ഉത്തരവ്. അധിക ജലം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് കര്‍ണാടക ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.കാവേരി നദിയില്‍ നിന്ന് സെക്കന്റില്‍ 6000 ഘനയടി വീതം ജലം വിട്ടുനല്‍കാന്‍ നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രത്യേക നിയസഭാ സമ്മേളനം ചേര്‍ന്ന്, കര്‍ണാടകയുടെ കുടിവെള്ളത്തിനായി മാത്രമേ ജലം തികയൂ എന്നതിനാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് തമിഴ്‌നാടിന് ജലം വിട്ടുകൊടുക്കേണ്ടെന്ന് കര്‍ണാടക പ്രമേയം പാസാക്കുകയായിരുന്നു. പ്രമേയവുമായി കര്‍ണാടക വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടകയുടെ നടപടി്‌ക്കെതിരെ തമിഴ്‌നാടും കോടതിയെ സമീപിച്ചിരുന്നു. കര്‍ണാടക നിയമസഭയുടെ പ്രമേയം അംഗീകരിക്കാനാകില്ലെന്ന് ഇന്ന് ഹര്‍ജികള്‍ പരിഗണിച്ച് കോടതി പറഞ്ഞു. കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നത് ഫെഡറല്‍ സംവിധാനത്തില്‍ പ്രശ്‌ന പരിഹാരമല്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് അനുസരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പറയാനും കോടതി കര്‍ണാടകയ്ക്കായി ഹാജരായ അഭിഭാഷകനോട് പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം കര്‍ണാടക തമിഴ്‌നാടിന് ജലം വിട്ടുനല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളിലേക്കാകും പിന്നീട് കാര്യങ്ങള്‍ നീങ്ങുക.