മുത്തൂറ്റില്‍ നിന്ന് പിടിച്ചെടുത്തത് 800 കോടി അനധികൃത പണം; സംശയകരമായ അക്കൗണ്ടുകള്‍ പരിശോധിക്കുന്നു;അന്വേഷണം ശരിയായ ദിശയിലെന്ന് ആദായനികുതി വകുപ്പ്

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്നും റെയ്ഡില്‍ ഇതുവരെ പിടിച്ചെടുത്തത് 800 കോടിയുടെ അനധികൃത പണമെന്ന് ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പ്രണബ് കുമാര്‍ ദാസ് പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്നും രണ്ടുമാസമെടുക്കും അന്വേഷണം പൂര്‍ത്തിയാകാനെന്നും ചീഫ് കമ്മീഷണര്‍ പ്രണബ് കുമാര്‍ ദാസ് പറഞ്ഞു. സംശയകരമായ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയക്കാരുടെ നിക്ഷേപങ്ങള്‍ തേടിയുളള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത് ലഭിച്ചു. കൃത്യമായി കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കുമെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് ഫിനാന്‍സ്, മിനി മുത്തൂറ്റ് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരുന്നത്. സ്വര്‍ണപണയങ്ങളുടെ ലേലം ഇടപാടുകളിലാണ് മുത്തൂറ്റില്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി ഫൈനാന്‍സിയേഴ്‌സ് സ്ഥാപനങ്ങളില്‍ ഒരേ സമയത്താണ് കഴിഞ്ഞ മാസം റെയ്ഡ് നടത്തിയത്.

© 2025 Live Kerala News. All Rights Reserved.