അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 197 റണ്‍സിന്; രണ്ട് ഇന്നിംഗ്‌സിലുമായി ആര്‍ അശ്വിന് പത്ത് വിക്കറ്റ്

കാന്‍പൂര്‍: അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ചരിത്ര ജയം നേടി. 197 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 434 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 87.3 ഓവറില്‍ 236 റണ്‍സിന് പുറത്താക്കുകയായിരുന്നു. 4ന് 93 റണ്‍സ് എന്നനിലയിലാണ് അവസാന ദിനമായ ഇന്ന് ന്യൂസീലന്‍ഡ് ബാറ്റിങ് തുടങ്ങിയത്. 35.3 ഓവറില്‍ 132 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ തകര്‍പ്പന്‍ ബോളിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്. 80 റണ്‍സെടുത്ത ലൂക്ക് റോങ്കിയെ രവീന്ദ്ര ജഡേജ പുറത്താക്കി. വാട്‌ലിങ് 18 ഉം മാര്‍ക് ക്രെയ്ഗ് ഒരു റണ്ണുമെടുത്ത് പുറത്തായി. മുഹമ്മദ് ഷാമിയുടെ അടുത്തടുത്ത പന്തുകളിലാണ് രണ്ടു വിക്കറ്റും വീണത്. 71 റണ്‍സെടുത്ത മിച്ചല്‍ സാന്റ്‌നറെ അശ്വിന്‍ പുറത്താക്കി. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 318 റണ്‍സിന് എല്ലാവരും പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. മുരളി വിജയ് (78), രഹാനെ (40), ഏകദിന വേഗതയില്‍ ബാറ്റു വീശിയ രോഹിത് ശര്‍മ (50), രവീന്ദ്ര ജഡേജ (50) എന്നിവരുടെ മികവില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സിലെ 56 റണ്‍സിന്റെ ലീഡ് ഉള്‍പ്പെടെ ഇന്ത്യക്ക് 433 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 262 റണ്‍സാണ് എടുത്തത്. അതിനിടെ, 37ാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബോളറായി. കിവീസ് ക്യാപ്റ്റന്‍ വില്യംസിനെ വീഴ്ത്തിയാണ് അശ്വിന്‍ ചരിത്രം കുറിച്ചത്.

© 2024 Live Kerala News. All Rights Reserved.