തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.എസ്.ശിവകുമാറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തി വെച്ചു. പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. സ്വാശ്രയ കരാറിനുപിന്നില്‍ കോഴയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെ.എം.മാണിയും കേരള കോണ്‍ഗ്രസും സഭയില്‍ നിന്നു ഇറങ്ങിപ്പോയി. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു. സ്വാശ്രയ മാനേജ്‌മെന്റ് കരാറിലൂടെ നേട്ടമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ സഭയില്‍ പറഞ്ഞു. 120 സീറ്റുകള്‍ കൂടി ബിപിഎല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. മെറിറ്റ് സീറ്റുകള്‍ 850 ആയിരുന്നത് 1150 ആയി വര്‍ധിച്ചു. കരാറില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തൃപ്തരാണെന്നും തൃപ്തിയില്ലാത്തത് പ്രതിപക്ഷത്തിനു മാത്രമാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സ്വാശ്രയ പ്രശ്‌നത്തില്‍ വി.എസ്.ശിവകുമാര്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനും ആരോഗ്യമന്ത്രി ഇതേ മറുപടി ആവര്‍ത്തിച്ചു. മെഡിക്കല്‍ ഫീസ് വര്‍ധനവ് മൂലം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ ബുദ്ധിമുട്ട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. ഫീസ് കൂട്ടിയിട്ട് സീറ്റ് വര്‍ധിപ്പിച്ചുവെന്നു പറയുന്നതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ലെന്നു ശിവകുമാര്‍ പറഞ്ഞു. എന്നാല്‍, പ്രതിപക്ഷം മാനേജുമെന്റുകളുടെ ആനുകൂല്യം പറ്റുന്നുവെന്നു ആരോപിച്ചാണ് ആരോഗ്യമന്ത്രി തിരിച്ചടിച്ചത്. പലരുടെയും മക്കള്‍ ഫീസില്ലാതെ സ്വാശ്രയ കോളജുകളില്‍ പഠിക്കുന്നുണ്ട്. പ്രതിപക്ഷ ബഹുമാനംകൊണ്ട് പേരുകള്‍ പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.