മുഖ്യമന്ത്രിക്ക് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു;സംഭവം സെക്രട്ടേറിയറ്റിന് സമീപം;കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം:മന്ത്രി കെ രാജുവിനെ തടഞ്ഞുവെച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സെക്രട്ടറിയേറ്റിന് സമീപം മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയായിരുന്നു. വാഹനം തടഞ്ഞുനിര്‍ത്തിയാണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.  മന്ത്രി കെ രാജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. സ്വാശ്രയ കോളേജുകളെ വഴിവിട്ട് സഹായിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ഉപവാസ സമരത്തിനിടെയാണ് മന്ത്രി രാജുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞത്. സമരവേദിയ്ക്ക് മുന്നിലൂടെ പോകുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് നേരെ മുദ്രാവാക്യങ്ങള്‍ മുഴക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ പത്ത് മിനിറ്റോളം റോഡില്‍ തടഞ്ഞുവെച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.