സില്‍ക്ക്‌ സ്മിത ഓര്‍മ്മയായിട്ട് 20 വര്‍ഷം..

സ്വന്തം ലേഖിക

ആകര്‍ഷിക്കുന്ന കണ്ണുകളും വശ്യമായ പുഞ്ചിരിയും നാണംകലര്‍ന്ന നോട്ടവു കൊണ്ട് ഒരു കാലത്ത് ആരാധകരുടെ ഉറക്കം കെടുത്തിയ സില്‍ക്ക്‌ സ്മിത വെള്ളിത്തിരയില്‍ നിന്നും അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 20 വര്‍ഷം പൂര്‍ത്തിയാകുന്നു. വിജയലക്ഷ്മി എന്ന ബാലികയില്‍ നിന്നും സില്‍ക്ക് സ്മിതയിലേക്കുള്ള വളര്‍ച്ച അതിനിര്‍ണായകമായിരുന്നു. ആന്ധ്രാപ്രദേശിലെ എല്ലൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച വിജയലക്ഷ്മി പഠിക്കാന്‍ മിടുക്കിയായിരുന്നു. എന്നാല്‍ ദാരിദ്യം മൂലം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു. . 13ാം വയസില്‍ വിവാഹിതയായി. ഭര്‍ത്താവ് അവളെ കേവലമൊരു യന്ത്രമായി മാത്രമാണ് കണ്ടിരുന്നത്. തന്റെ സുഖങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കേണ്ട യന്ത്രം. ഒടുവില്‍ മനം മടുത്ത് വിവാഹ ജീവിതം ഉപേക്ഷിച്ച് മദ്രാസിലേക്ക് വണ്ടി കയറി. ആ യാത്ര ഇന്ത്യന്‍ സിനിമ ലോകത്തേക്കുള്ള കാല്‍വെയ്പായിരുന്നു.

19 വയസ്സുള്ളപ്പോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിചു ‘ഇണയെത്തേടി’ എന്ന സിനിമയിലൂടെ ഇന്ത്യന്‍ സിനിമ ലോകത്തെ പുതു വിപ്ലവമായി വിജയ ലക്ഷ്മി മാറി. ഹിന്ദി സിനിമ താരം സ്മിത പാട്ടീലിന്റെ പേരിനോടുള്ള ഇഷ്ട്ടമാണ് സ്മിത എന്ന പേര് സ്വന്തമാക്കാന്‍ കാരണമായതു. പിന്നീടു ‘സില്‍ക്ക് സില്‍ക്ക് സില്‍ക്ക് ‘ എന്ന സിനിമയ്ക്ക് ശേഷം സില്‍ക്ക് സ്മിതയായി. സീത കോകചിലുക, യമകിന്‍കരുഡ, സകല കലാവല്ലഭന്‍, പട്ടണത്തുരാജാക്കള്‍, തീര്‍പ്പ് , തനിക്കാട്ട് രാജ, ശിവന്നകണ്‍കള്‍, പായുംപുലി, തുടിക്കും കരങ്ങള്‍, സദ്മ, തായ് വീട്, പ്രതിജ്ഞ, ജീത്ഹമാരി, ജാനിദോസ്ത്, സില്‍ക് സില്‍ക് സില്‍ക് , മിസ് പമീല, അഥര്‍വ്വം, വിജയ്പഥ്, സ്ഫടികം, ഇങ്ങനെ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി എഴുപത്തഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ച സില്‍ക്ക് സ്മിതയ്ക്ക് വെറും മേനി പ്രദര്‍ശനം മാത്രമായിരുന്നില്ല അഭിനയ ജീവിതം. ബാലു മഹേന്ദ്രയുടെ ‘മൂന്റ്രാം പിറൈ’, ഭാരതി രാജയുടെ ‘അലൈകള്‍ ഒഴിവതില്ലേ’ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ അവരുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്. എന്നിട്ടും സ്മിതയ്ക്ക് സിനിമ പകരം നല്‍കിയതും ആരും സ്വീകരിക്കാത്ത അശ്ലീല നടിയെന്ന വിശേഷണം മാത്രം. മുപ്പതാം വയസ്സിലാണ് സില്‍ക്ക് സ്മിത ചെന്നൈയിലെ ഫ്‌ളാറ്റില്‍ ജീവിതം അവസാനിപ്പിച്ചത്. 1996 സെപ്റ്റംബര്‍ 23 നു ഒരുപിടി ഓര്‍മ്മകള്‍ ബാക്കിയാക്കി സ്മിത വിട പറഞ്ഞു.

സിൽക്ക് സ്മിത അനശ്വരമാക്കിയ ഗാനങ്ങൾ

© 2024 Live Kerala News. All Rights Reserved.